കോഴിക്കോട്: സർക്കാർ മെഡിക്കൽ കോളജിൽ എംബിബിഎസ് സീറ്റ് നൽകാമെന്ന വ്യാജേനെ 16 ലക്ഷം വാങ്ങി മുങ്ങിയ പ്രതികളിലൊരാളെ ഗുജറാത്തിലെത്തി അറസ്റ്റുചെയ്ത് ഫറോക്ക് പോലീസ്.
കേസിലെ രണ്ടാം പ്രതിയായ ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ മഹ്വ താലൂക്കിൽ ആനവാൽ സ്വദേശി ഈശ്വർഭായ് ഗുലാഭായ് പട്ടേലാണ് (57) മൂന്നരവർഷങ്ങൾക്കുശേഷം പിടിയിലായത്.
2019ലാണ് കേസിനാസ്പദമായ സംഭവം. കോൽക്കത്തയിലെ ഒരു സർക്കാർ മെഡിക്കൽ കോളജിൽ എംബിബിഎസ് സീറ്റ് തരപ്പെടുത്തിത്തരാമെന്ന വാഗ്ദാനവുമായി രണ്ടുപേർ രാമനാട്ടുകര സ്വദേശി രാജനെ ബന്ധപ്പെട്ടു.
ഇത് സത്യമാണെന്ന് ബോധ്യപ്പെടുത്താനായി വ്യാജതെളിവുകളും പ്രൂഫുകളും ഇവർ കാണിക്കുകയുംചെയ്തു. സീറ്റിനായി 16.25 ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. ഇത് മൂന്നുഘട്ടങ്ങളിലായി രാജൻ നൽകുകയുംചെയ്തു.
ആ വർഷത്തെ അഡ്മിഷൻ കഴിഞ്ഞിട്ടും സീറ്റ് ലഭിക്കാതെ വന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരമറിയുന്നത്. തങ്ങളെ കണ്ടുപിടിക്കാതിരിക്കാനായി അക്കൗണ്ട് നമ്പറും ഐഎഫ്എസ്സി കോഡും മാറ്റിയാണ് പ്രതികൾ നൽകിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഒന്നാംപ്രതിക്കായി അന്വേഷണം പുരോഗമിക്കുകയാണ്.