ചാത്തന്നൂർ: എംബിബിഎസ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ അന്വേഷണം നടത്തുന്ന പോലീസ് സംഘം പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.
ഇത് വിദഗ്ദ പരിശോധനയ്ക്കായി സൈബർ സെല്ലിന് ഉടൻ കൈമാറുമെന്ന് ചാത്തന്നൂർ എസിപി വൈ.നിസാമുദീൻ പറഞ്ഞു.
ആൾമാറാട്ടത്തിലും ക്രമക്കേടിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഇൻവിജിലേറ്റർമാർക്ക് പങ്കുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്.
മിയ്യണ്ണൂർ അസീസിയ മെഡിക്കൽ കോളജിലെ എംബിബിഎസ് പരീക്ഷ കേന്ദ്രത്തിൽ മൂന്നാം വർഷ വിദ്യാർഥികൾക്ക് നടത്തിയ പാർട് (അഡീഷണൽ) പരീക്ഷ എഴുതിയ മൂന്ന് വിദ്യാർഥികളുടെ ഉത്തരക്കടലാസിലാണ് തിരിമറി നടന്നത്.
ഇവർക്ക് വേണ്ടി മറ്റാരോ പരീക്ഷ എഴുതി ഉത്തരക്കടലാസ് തിരുകി കയറ്റിയെന്നാണ് ആരോഗ്യ സർവകലാശാലയുടെ കണ്ടെത്തൽ.
ഈ മൂന്ന് വിദ്യാർഥികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കണ്ണനല്ലൂർ പോലീസ് കേസെടുക്കുകയും ആരോഗ്യ സർവകലാശാല രണ്ടര വർഷത്തേക്ക് ഇവരെ ഡീ ബാർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
അസീസിയ മെഡിക്കൽ കോളജിലെ വൈസ് പ്രിൻസിപ്പലിന്റെ പരാതിയെ തുടർന്നാണ് പോലീസ് പ്രാഥമിക വിവര റിപ്പോർട്ട് തയാറാക്കി അന്വേഷണം നടത്തിവരുന്നത്.
ആരോഗ്യ സർവകലാശാലയോട് അവരുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഉൾപ്പെടെ കുടുതൽ വിവരങ്ങൾ പോലീസ് തേടിയിട്ടുണ്ട്.
സർവകലാശാലയിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണം ശക്തമാക്കുന്നതെന്ന വിവരമാണ് പോലീസിൽ നിന്നും ലഭിക്കുന്നത്.
ആൾമാറാട്ടവും ക്രമക്കേടും നടത്തിയ സംഭവത്തിൽ ഒരു അധ്യാപകന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ രക്ഷപ്പെടുത്താൻ ശ്രമം നടന്നതായും സംശയിക്കുന്നുണ്ട്.
പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ്, സൂപ്രണ്ട്, ഇൻവിജിലേറ്റർമാർ, അസീസിയ മെഡിക്കൽ കോളജിൽ പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ എന്നിവരെ വിശദമായി ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് പോലീസ്.
ഇവരെ ചോദ്യം ചെയ്താൽ മാത്രമേ കുടുതൽ വിവരങ്ങൾ കണ്ടെത്താൻ കഴിയൂ. ആൾമാറാട്ടവും ക്രമക്കേടും നടന്ന എംബിബിഎസ് പാർട് (അഡീഷണൽ) പരീക്ഷയിൽ ഈ ബാച്ചിൽ പരീക്ഷ എഴുതിയ ഒരു വിദ്യാർഥിയുടെ ഉത്തരക്കടലാസ് കാണാതായി എന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്നും അറിയുന്നു.