കോഴിക്കോട്: ആറു ലക്ഷം രൂപയുടെ ബാങ്ക് ഗാരന്റി നൽകാത്തതിനെ തുടർന്ന് എംബിബിഎസ് വിദ്യാർഥികളെ കോളജിൽനിന്നു പുറത്താക്കി. കോഴിക്കോട് മലബാർ മെഡിക്കൽ കോളജിന്റെയാണു നടപടി. 33 എംബിബിഎസ് ഒന്നാം വർഷ വിദ്യാർഥികളെയാണു ക്ലാസിൽനിന്നു പുറത്താക്കിയത്.
ഗാരന്റി തുക ഹാജരാക്കാതെ ക്ലാസിൽ കയറേണ്ടെന്നു കോളജ് മാനേജ്മെന്റ് വിദ്യാർഥികളോടു നിർദേശിച്ചു. കുട്ടികളോടു ബാങ്ക് ഗാരന്റി ആവശ്യപ്പെടരുതെന്ന സർക്കാർ നിർദേശം നിലനിൽക്കെയാണ് മെഡിക്കൽ കോളജ് അധികൃതരുടെ നടപടി.
നേരത്തെ, സ്വാശ്രയ മെഡിക്കൽ കോളജ് പ്രവേശനത്തിനു ബാങ്ക് ഗാരന്റി നൽകാത്ത കാരണത്താൽ മാത്രം ഒരു വിദ്യാർഥിക്കും പ്രവേശനം നഷ്ടമാവില്ലെന്നു സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകിയിരുന്നു. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഈ നിലപാട് ആവർത്തിച്ചു.
11 ലക്ഷം രൂപ ഫീസ് നിശ്ചയിച്ചതിൽ ആറു ലക്ഷം രൂപയാണ് കുട്ടികൾ ബാങ്ക് ഗാരന്റിയായി നൽകേണ്ടത്.