സ്വന്തം ലേഖകൻ
ചേലക്കര: ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ രണ്ട് മെഡിക്കൽ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. തൃശൂർ ചേലക്കര മുഖാരിക്കുന്ന് പാറയിൽ മാത്യു എബ്രഹാമിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.
വാഴാലിപ്പാടം ഉരുക്കു തടയണക്കു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.രണ്ടുദിവസം മുന്പാണ് ഭാരതപ്പുഴയിലെ മായന്നൂർ തടയണക്കു സമീപം ഒഴുക്കിൽപ്പെട്ട് മാത്യു എബ്രഹാമിനെയും അന്പലപ്പുഴ സ്വദേശി ഗൗതം കൃഷ്ണയെയും കാണാതായത്.
പോലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടർന്ന് നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും സഹായം തേടിയിരുന്നു.
വാണിയംകുളം പി.കെ.ദാസ് മെഡിക്കൽ കോളജിൽ നാലാം വർഷ എംബിബിഎസ് വിദ്യാർഥികളാണ് ഇരുവരും. ഇവരടക്കം ഏഴു പേരാണ് തടയണക്കു സമീപമെത്തിയത്. മാത്യുവാണ് ആദ്യം ഒഴുക്കിൽ പെട്ടത്. മാത്യുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഗൗതം ഒഴുക്കിൽ പെട്ടത്.