ആറ്റിങ്ങല്‍: മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഡോക്ടര്‍ പിടിയില്‍. ഒരാള്‍ ഒളിവില്‍. കടയ്ക്കല്‍ ചിതറ ഉജ്ജയിനിയില്‍ ഡോ.ഹര്ഷന് (52) ആണ് പിടിയിലായത്. മാമം സ്വദേശിനി ഷീലാ സതീശന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 2015ലാണ് ഇവരില്‍ നിന്നും പണം തട്ടിയത്.
ഷീലയുടെ മകന് ബംഗളൂരുവില്‍ പ്രമുഖ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് അഡ്മിഷന് വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് 48 ലക്ഷം രൂപ പ്രതികള്‍ വാങ്ങിയത്. എന്നാല്‍ അഡ്മിഷന് തരപ്പെടുത്തി നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ല. അന്വേഷിക്കുമ്പോഴെല്ലാം വിവിധ കാരണങ്ങള്‍ പറഞ്ഞ് പ്രതികള്‍ ഒഴിഞ്ഞുമാറുകയായിരുന്നു.
തട്ടിപ്പിനിരയായതാണെന്ന് തിരിച്ചറിഞ്ഞതോടെ 2018ല്‍ ഇവര്‍ നിയമനടപടികള്‍ ആരംഭിച്ചു. കുറത്തിക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും കേസ് എടുക്കുകയും ചെയ്തു. എന്നാല്‍ പ്രതികളുടെ സ്വാധീനം കൊണ്ട് അറസ്റ്റ് നീണ്ട് പോയി. പരാതിക്കാരി ഉന്നതോദ്യോഗസ്ഥര്‍ക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് കേസ് ആറ്റിങ്ങല്‍ പോലീസിന് കൈമാറി.
ഈ സമയം പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചു. കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം നിഷേധിക്കുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകുവാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഡോ.ഹര്ഷന് സ്റ്റേഷനില്‍ ഹാജരായത്.
പിടിയിലായ ഡോ.ഹര്ഷന് കടയ്ക്കലില്‍ കണ്ണന്‍സ് ഭവന് ദന്തല്‍ ക്ലിനിക് നടത്തി വരികയാണ്. സംഭവത്തിലെ രണ്ടാം പ്രതിയാണ് ഡോ.ഹര്ഷന്. ഒന്നാം പ്രതി മാവേലിക്കര വെട്ടിയാര്‍ സ്വദേശി സജു ബിന്‍ സലിം (32) ഒളിവിലാണ്. ഇയാളെയും ഉടന്‍ പിടികൂടുമെന്ന് ആറ്റിങ്ങല്‍ പോലീസ് പറഞ്ഞു.
മറ്റ് നിരവധി പേരെയും സമാന രീതിയില്‍ തട്ടിപ്പിനിരയാക്കിയതായാണ് വിവരം. കൊട്ടാരക്കരയിലും സമാനരീതിയില്‍ ഇവര്‍ക്കെതിരേ കേസ് നിലവിലുണ്ട്. കോടതി നിര്‍ദേശപ്രകാരമുള്ള ജാമ്യവ്യവസ്ഥയില്‍ അമ്പതിനായിരം രൂപ ബോണ്ടിന്മേല് ജാമ്യം അനുവദിച്ചു. ആഴ്ചയില്‍ രണ്ട് ദിവസം അന്വേഷണോദ്യോഗസ്ഥന് മുന്നില്‍ ഹാജരാകുവാനും കോടതി നിർദേശിച്ചു.