പാലക്കാട്: എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ഒരു കോടി ഇരുപത് ലക്ഷം രൂപ തട്ടിയെടുത്ത് കബളിപ്പിച്ച കേസിൽ പിടിയിലായ തമിഴ്നാട് സ്വദേശി റിമാൻഡിൽ. കൃഷ്ണശി ജില്ലയിലെ ജക്കപ്പ നഗർ സ്വദേശിയും, കെംപ ഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ബോർഡ് മെന്പറുമായ ശിവകുമാറിനെ (37) നെയാണ് ടൗണ്‍ നോർത്ത് പോലീസ് സംഘം ബാംഗ്ലൂരിൽ നിന്നും അറസ്റ്റുചെയ്തത്.
പാലക്കാട് വലിയപാടം സ്വദേശിയും ഐ സ്പെഷലിസ്റ്റുമായ ഡോക്ടർ ശശികുമാറാണ് തട്ടിപ്പിന് ഇരയായത്. ഡോക്ടറുടെ രണ്ടാമത്തെ മകനു മെഡിക്കൽ സീറ്റിനായി കൃഷ്ണഗിരിയിലുള്ള കെംപ ഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനെ സമീപീച്ചു. അവിടെ ഉണ്ടായിരുന്ന ശിവകുമാർ എന്നയാൾ താൻ മാനേജ്മെന്റ് ട്രസ്റ്റിയാണെന്നും എൻ.ആർ.ഐ ക്വാട്ട ഒഴിവിൽ സീറ്റ് ഉണ്ടെന്നും ഒരു കോടി 20 ലക്ഷം രൂപ മൊത്തത്തിലും, കൂടാതെ വർഷം തോറും 22 ലക്ഷം രൂപ വേറെയും ചെലവ് വരുമെന്ന് പറയുകയും ചെയ്തു.
പിന്നീട് ശിവകുമാർ ഡോക്ടറെ ഫോണിൽ വിളിച്ച് എൻ ആർ ഐ ക്വാട്ട സീറ്റിലേക്ക് ഒരുപാട് ആവശ്യക്കാർ ഉണ്ടെന്നും പണം ഉടൻ വേണമെന്ന് പറയുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ശിവകുമാർ നൽകിയ ബാങ്ക് അക്കൗണ്ടുകളിലേക്ക് പല തവണ കളിലായി ഒരു കോടി 17 ലക്ഷം രൂപ അയച്ചു.
പിന്നീട് സീറ്റിന്റെ കാര്യത്തിനായി കോളേജിൽ ച്ചെന്ന സമയമാണ് ശിവകുമാറിനെ ട്രസ്റ്റിൽ നിന്നും പിരിച്ചുവിട്ട കാര്യം അറിഞ്ഞത്. ശിവകുമാർ പണവും കൊണ്ട് മുങ്ങുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ടൗണ്‍ നോർത്ത് പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തത്. പ്രതിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതിൽ കുറ്റം സമ്മതിച്ചു.
തുടരന്വേഷണത്തിനായി ഇയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.ടൗണ്‍ നോർത്ത് എസ്.ഐ കമറുദ്ദീൻ വള്ളിക്കാടൻ, സി.പി.ഒ മാരായ ബിനു രാമചന്ദ്രൻ , ദിലീപ് ഡി നായർ, എസ്.സന്തോഷ് കുമാർ, സൈബർ സെൽ ഉദ്യോഗസ്ഥരായ സതീഷ്, ഷെബിൻ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.