രാജ്യത്തെ 70 ശതമാനം മെഡിക്കൽ കോളേജുകളും എംബിബിഎസ് ഇന്റേൺസിന് നിർബന്ധിത സ്റ്റൈപ്പൻഡ് നൽകുന്നില്ലെന്ന ആശങ്കകളോട് പ്രതികരിച്ച് സുപ്രീം കോടതി ദേശീയ മെഡിക്കൽ കമ്മീഷനെ (എൻഎംസി) രൂക്ഷമായി വിമർശിച്ചു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ സമിതി ദേശീയ മെഡിക്കൽ കമ്മീഷന്റെ നടപടികളെ ചോദ്യം ചെയ്തുകൊണ്ട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.
അമിതമായി നീണ്ട ഷിഫ്റ്റുകളിൽ ജോലി ചെയ്യേണ്ടി വരുന്ന യുവ ഡോക്ടർമാരുടെ കഠിനമായ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് അവർ ആശങ്ക ഉന്നയിച്ചു.
വിദ്യാർഥി പ്രവേശന വേളയിൽ പലപ്പോഴും വൻതോതിൽ ഡോണേഷനോ ക്യാപിറ്റേഷൻ ഫീസോ ഈടാക്കുന്ന സ്വകാര്യ മെഡിക്കൽ കോളേജുകൾ എംബിബിഎസ് ഇന്റേൺസിന് സ്റ്റൈപ്പന്റ് നൽകാനുള്ള ബാധ്യത നിറവേറ്റുന്നതിൽ പരാജയപ്പെടുകയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
രാജ്യത്തെ 70 ശതമാനം മെഡിക്കൽ കോളേജുകളും എംബിബിഎസ് ഇന്റേൺസിന് സ്റ്റൈപ്പൻഡ് നിബന്ധന പാലിക്കുന്നില്ലെന്ന അഭിഭാഷകന്റെ വാദത്തെ തുടർന്നാണ് ഈ നിരീക്ഷണങ്ങൾ ഉണ്ടായത്.
എൻഎംസിയുടെ പ്രതിനിധി ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനും പാനലിന് തിരികെ റിപ്പോർട്ട് ചെയ്യാനും സമയം അഭ്യർത്ഥിച്ചു. ഇതിനായ് കോടതി അനുവാദം നൽകി.