കുമരകം: വേന്പനാട്ടുകായലിന്റെ ശുദ്ധജലസ്വഭാവം കണ്ടെത്തി മത്സ്യക്കണക്കെടുപ്പ് നടത്തി. കായലിന്റെ പടിഞ്ഞാറൻ പ്രദേശത്തു നടന്ന കണക്കെടുപ്പിൽ ശുദ്ധജലമത്സ്യമായ ചേല ഫാസിറ്റയെ കണ്ടെത്തി.
വേന്പനാട്ടുകായലിൽ ആദ്യമായാണ് ഈ മത്സ്യത്തെ കണ്ടെത്തുന്നത്. തണ്ണീർമുക്കം ബണ്ട് തുറക്കാൻ വൈകിയതും മഴ തുടരുന്നതുമാകാം മത്സ്യത്തിന്റെ സാന്നിധ്യമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
ഡോ. ബിജുകുമാറിന്റെ നേതൃത്വത്തിലായിരുന്നു കണക്കെടുപ്പ്. 43 ഇനം ചിറകുമത്സ്യങ്ങളും അഞ്ചിനം തോടുമത്സ്യങ്ങളെയും കണ്ടെത്തി.
ഇവയിൽ ഭൂരിഭാഗവും ശുദ്ധജല സ്വഭാവമുള്ളവയായിരുന്നു. അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ എക്കോളജി ആൻഡ് ദി എൻവയോണ്മെന്റ് (എട്രീ), കമ്യൂണിറ്റി എൻവയോണ്മെന്റ് റിസോഴ്സ് സെന്റർ എന്നിവയുടെ നേതൃത്വത്തിലായിരുന്നു കണക്കെടുപ്പ്.
26നു നടന്ന ഓറിയന്റേഷൻ പരിപാടിയോടെയാണ് കണക്കെടുപ്പ് ആരംഭിച്ചത്. കുഫോസ് മുൻ ഡീൻ ഡോ. കെ.വി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവകലാശാല പനങ്ങാട്, ഫിഷറീസ് വകുപ്പ്, വേന്പനാട്ടുകായൽ സംരക്ഷണസമിതി എന്നിവർ പങ്കാളികളായി.
തോംസണ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, സരോജിനി ദാമോദർ ഫൗണ്ടേഷൻ എന്നിവരാണ് സാന്പത്തിക പിന്തുണ നൽകിയത്.
കണക്കെടുപ്പിന്റെ സമാപന സമ്മേളനം കുഫോസ് വൈസ് ചാൻസലർ ഡോ. റെജി ജോണ് ഉദ്ഘാടനം ചെയ്തു. എട്രീ സീനിയർ ഫെല്ലോ ഡോ. പ്രിയദർശൻ ധർമ്മരാജൻ അധ്യക്ഷത വഹിച്ചു.