മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ
കേരളത്തിന്റെ മുക്കിലും മൂലയിലും സിസിടിവി കാമറകൾ ഇന്ന് സാധാരണ കാഴ്ചയാണ്. മോഷണം, അപകടം, നിയമ ലംഘനങ്ങൾ…
തുടങ്ങിയ കാര്യങ്ങളുടെ നിജസ്ഥിതി അറിയാനും വൃദ്ധ മാതാപിതാക്കളെ തനിച്ചാക്കി വിദേശത്തോ, ഇതര സംസ്ഥാനങ്ങളിലോ വിദൂരപ്രദേശങ്ങളിലോ കഴിയുന്ന മക്കൾക്ക് മാതാപിതാക്കളുടെ ദൈനംദിന കാര്യങ്ങൾ അറിയുന്നതിനുമൊക്കെ വീടുകളിൽ ഘടിപ്പിച്ചിരിക്കുന്ന സിസിടിവി കാമറകൾ കൂടിയേ തീരൂ.
ചിലയിടത്ത് സ്ഥാപിച്ചിരിക്കുന്ന സിസിടിവി കാമറകൾ ആർക്കും ഉപയോഗപ്രദവും ഉപകാരപ്രദമാകാതെയും ഇരിക്കാറുമുണ്ട്. ചിലത് പ്രവർത്തനക്ഷമമായിരിക്കില്ല.
എന്നാൽ കാമറ ഉണ്ടെന്ന വസ്തുതയും നിങ്ങൾ കാമറ നിരീക്ഷണത്തിലാണെന്ന് അവിടെ എഴുതിട്ടുമുണ്ടെങ്കിൽ എല്ലാം കാമറയിൽ പതിയുമെന്ന് പേടിച്ച് എന്തെങ്കിലും ചെയ്യാൻ മടിക്കുകയോ ഭയക്കുകയോ ചെയ്യും.
ഈ കാമറകൾ കൊണ്ട് നിരവധി ഗുണമുണ്ടെങ്കിലും അതിന്റെ സാധ്യതകൾ ദുരുപയോഗിക്കുന്നവരുമുണ്ട്. സിസിടിവി കാമറകൾ ഒരാളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്ന വസ്തുവായി മാറിയിട്ടുണ്ട്.
ഫോക്കസ് അയൽവീട്ടിലേക്ക്
മറ്റുള്ളവരുടെ പ്രത്യേകിച്ച് അയൽക്കാരന്റെ സ്വകാര്യതയിലേക്കു ഒളിഞ്ഞുനോക്കാൻ സിസിടിവി കാമറകൾ ഉപയോഗിക്കുന്നവരുണ്ട്.
സ്വന്തം വീട്ടിൽ വച്ചിരിക്കുന്ന കാമറ അയൽവാസിയുടെ വീട്ടിലേക്കു തിരിച്ചു വയ്ക്കുന്നവരുമുണ്ട്. ആ വീട്ടിലെ കാര്യങ്ങൾ കാണുന്നതിനും അവിടേക്കു വരുന്നവരെയും പോകുന്നവരെയും നിരീക്ഷിക്കാനായും കുടുംബാംഗങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ അറിയുന്നതിനുമാണ് ഇവർ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്.
പല വീടുകളിലെയും കാമറകൾ അയൽ വീട്ടിലേക്കാണ് ഫോക്കസ് ചെയ്യുന്നത്. ആലപ്പുഴ നഗര പരിധിയിലും ഇത്തരമൊരു പരാതി കഴിഞ്ഞ ദിവസം ഉയർന്നു.
അയൽ വീട്ടിലെ ഒരു കാമറ തന്റെ വീട് നിരീക്ഷിക്കാനായി വച്ചിട്ടുണ്ടെന്നായിരുന്നു വീട്ടമ്മയുടെ പരാതി. അയൽ വീട്ടിലാണെങ്കിൽ മറ്റ് കാമറകളൊന്നുമില്ലതാനും.
തന്റെ കുടുംബത്തിലേക്ക് ഫോക്കസ് ചെയ്ത് കാമറയുണ്ടെന്ന് വീട്ടമ്മ കുടുംബാംഗങ്ങളോടു പറഞ്ഞെങ്കിലും ആരുമത് കാര്യമാക്കിയില്ല.
എന്നാൽ വീട്ടമ്മ ആലപ്പുഴ നഗരപരിധിക്കുള്ളിലുള്ള പോലീസിനു പരാതി നല്കി. ഉടനടി പോലീസ് സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും കാമറ അപ്പോഴേക്കും അവിടെനിന്നു അപ്രത്യക്ഷമായിരുന്നു.
എല്ലാം കാണുന്നു, പക്ഷേ…
വൃദ്ധ മാതാപിതാക്കൾ തനിച്ചു കഴിയുന്ന വീടുകളിലാണ് മക്കൾ നിരീക്ഷണത്തിന് കാമറ വച്ചിരിക്കുന്നത്.
അവരെ കാണാൻ ആരൊക്കെയാണ് വരുന്നതെന്നും ആരെങ്കിലും ആ വീട്ടിൽ അതിക്രമിച്ചു കടക്കുന്നുണ്ടോയെന്നും അറിയാൻ സാധിക്കും.
എല്ലാം കാമറയിലൂടെ കാണുന്ന പല മക്കളും ഒറ്റപ്പെട്ടുപോയ മാതാപിതാക്കളെ അയൽവാസികളോ മറ്റു ബന്ധുമിത്രാധികളോ ആയി സന്പർക്കം പുലർത്തുന്നതിൽനിന്നു വിലക്കുന്നുമുണ്ട്.
അതുകൊണ്ട് പല സഹായങ്ങൾക്കും അയൽക്കാർക്കോ ബന്ധുക്കൾക്കോ ആ വീടുകളിൽ എത്താൻ സാധിക്കാതെയും വരാറുണ്ട്.
2019ലെ ഓണക്കാലത്ത് കേരളത്തിലൊരിടത്ത് ജനമൈത്രി പോലീസ് ഇത്തരത്തിലുള്ള ഒരു വീട്ടിലെത്തി. അവിടെ വൃദ്ധമാതാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇവരുടെ ഏഴു മക്കൾ ജോലിക്കായി വിദേശത്തും മറ്റു പലയിടത്തുമായി തിരക്കിലാണ്. അമ്മയെ നോക്കാൻ പോലും ഇവർക്കു സമയം കിട്ടില്ല്ല.
വീടിന്റെ മുക്കിലും മൂലയിലും കാമറകൾ ഘടിപ്പിച്ച് സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്. കാമറകളിലൂടെയാണ് ഇവർ അമ്മയെ കാണുന്നത് തന്നെ.
വയോധികർ ഒറ്റയ്ക്കു താമസിക്കുന്ന വീടുകളിൽ അവരുടെ സുരക്ഷിതത്വം ഉറപ്പാൻ ഭവന സന്ദർശനം നടത്താറുണ്ട്. എടത്വാ ജനമൈത്രി പോലീസിന്റെ നിരീക്ഷണത്തിൽ ഈ അമ്മയുമുണ്ടായിരുന്നു.
ഓണനാളിൽ ഭവനസന്ദർശനത്തിനെത്തിയ പോലീസ് ആ വീട്ടിൽ കണ്ടത് വിഷമിപ്പിക്കുന്ന കാര്യമായിരുന്നു. ആ വൃദ്ധമാതാവ് ഒറ്റയ്ക്കു കഴിയുന്ന വീട്ടിൽ സഹായത്തിനായി അയൽക്കാരോ ബന്ധുമിത്രാദികളോ ഉണ്ടായിരുന്നില്ല.
ഒരുപക്ഷേ എല്ലാം കാമറയിലൂടെ കാണുന്ന മക്കൾ ആരുമായി ബന്ധപ്പെടുന്നതിൽനിന്ന് അമ്മയെ വിലക്കിയിരിക്കാം. സഹായത്തിന് ആരുമില്ലാത്ത ആ വീട്ടിൽ 93 വയസുകാരിയായ ആ അമ്മ വളരെ കഷ്ടപ്പെട്ട് കഞ്ഞിമാത്രമാണ് വച്ചിരുന്നത്.
ആ അമ്മയുടെ ദൈനംദിന കാര്യങ്ങൾ കാമറയിലൂടെ കാണുന്ന മക്കൾക്ക് അമ്മയുടെ അവസ്ഥ കണ്ട് മനസിലാക്കാതെ ജീവിക്കുകയായിരുന്നു. അമ്മയ്ക്കൊപ്പം ഓണസദ്യ ഉണ്ടും അവർക്കും ഓണക്കോടി സമ്മാനിച്ചശേഷമാണ് പോലീസ് മടങ്ങിയത്.
സ്വന്തം കുടുംബത്തിലും
സ്വന്തം കുടുംബാംഗങ്ങൾ അറിയാതെ സിസിടിവി കാമറകൾ വീടുകളിലും കിടപ്പുമുറികളിലും വയ്ക്കുന്നവരുമുണ്ട്.
ഭാര്യഭർതൃ ബന്ധത്തിൽ അകൽച്ചോ സ്വരചേർച്ച കുറവോ പരസ്പര വിശ്വാസക്കുറവോ സംശയങ്ങളോ ഉള്ള വീടുകളിലാണ് ഇങ്ങനെ കാമറ സ്ഥാപിക്കുന്നത്.
അടുത്ത കാലത്ത് ആലപ്പുഴ പോലീസ് ക്വാർട്ടേഴ്സിൽ നടന്ന കൂട്ട ആത്മഹത്യയിലെ അന്വേഷണത്തിൽ പോലീസ് ഇത്തരമൊരു കണ്ടെത്തൽ നടത്തിയിട്ടുണ്ട്.
ഭാര്യയുടെയും മക്കളുടെയും മരണം പോലീസ് ഉദ്യോഗസ്ഥനായിരുന്ന റെനീസ് മൊബൈലിൽ തത്സമയം കണ്ടതായാണ് പോലീസ് നൽകുന്ന സൂചന.
ഭാര്യ ആത്മഹത്യ ചെയ്ത മുറിയിൽ റെനീസ് രഹസ്യമായി കാമറ സ്ഥാപിച്ചിരുന്നു. ഇതിലെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ വിദഗ്ധരുടെ സഹായം തേടിയിരിക്കുകയാണ് പോലീസ്.
അന്വേഷണ വേളയിലാണ് ഭാര്യ ആത്മഹത്യ ചെയ്ത സംഭവം റെനീസ് മൊബൈലിലൂടെ തത്സമയം കണ്ടിരിക്കാമെന്ന നിഗമനത്തിൽ പോലീസ് എത്തിയത്.
മൊബൈലുമായി ബന്ധിപ്പിച്ച സിസിടിവി ആത്മഹത്യ നടന്ന മുറിയിൽ ഉണ്ടായിരുന്നു. ഭാര്യ അറിയാതെ റെനീസ് വച്ച കാമറയിലൂടെ ദൃശ്യങ്ങൾ കണ്ടിരിക്കാമെന്നാണ് പോലീസ് നൽകുന്ന സൂചന.