തോമസ് വര്‍ഗീസ്
കന്യാകുമാരി: കന്യാകുമാരിയിലെ ത്രിവേണീസംഗമഭൂമിയില് പതിനായിരങ്ങള്‍ ഉയര്‍ത്തിയ ആവേശത്തിരയെ സാക്ഷിനിര്‍ത്തി രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കു തുടക്കമായി.
കന്യാകുമാരിയില്‍നിന്നും കാഷ്മീരിലേയ്ക്കുള്ള പദയാത്രയുടെ ഔപചാരിക തുടക്കം കന്യാകുമാരി ഗാന്ധിമണ്ഡപത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്,
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല് എന്നിവര്‍ ചേര്‍ന്ന് ത്രിവര്‍ണപതാക രാഹുല്‍ ഗാന്ധിക്ക് നല്‍കിയാണ് നിര്‍വഹിച്ചത്.
3570 കിലോമീറ്റര്‍ ദൂരമുള്ള യാത്ര 155 ദിവസംകൊണ്ടാണ് കാഷ്മീരില്‍ എത്തിച്ചേരുന്നത്.
പദയാത്രയുടെ തുടക്കമായി ഇന്നലെ വൈകുന്നേരം കന്യാകുമാരി ബീച്ച് റോഡില്‍ നടത്തിയ പൊതുസമ്മേളനത്തിന് വന്‍ ജനപങ്കാളിത്തമായിരുന്നു.
വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ജനങ്ങള്‍ തങ്ങളുടെ പരമ്പരാഗത വേഷവിധാനങ്ങളോടെയാണ് സമ്മേളനവേദിയിലേക്ക് എത്തിയത്.
ശ്രീപെരുമ്പത്തൂരിലെ രാജീവ് സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ചശേഷം ഉച്ചകഴിഞ്ഞ് കന്യാകുമാരിയിലെത്തിയ രാഹുല്‍ ഗാന്ധി വൈകുന്നേരം മൂന്നിന് തിരുവള്ളുവര്‍ സ്മാരകം സന്ദര്‍ശിച്ചു.
തുടര്‍ന്ന് വിവേകാനന്ദ സ്മാരകത്തിലും കാമരാജ് സ്മാരകത്തിലും സന്ദര്‍ശനം നടത്തി. ഇവിടെനിന്നു ഗാന്ധിമണ്ഡപത്തിലെത്തി പ്രാര്ഥനായോഗത്തില് പങ്കുചേര്‍ന്നു.
യാത്രയിലുടനീളം ഉപയോഗിക്കുന്നതിനായുള്ള ത്രിവര്‍ണ പതാക ഗാന്ധിമണ്ഡപത്തില്‍ വച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല് എന്നിവര്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറി.
പതാകയുമായി വൈകുന്നേരം 5.10ന് പൊതുസമ്മേളനവേദിയിലെത്തിയ രാഹുലിനെ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ വേദിയിലേക്ക് ആനയിച്ചത്.
കേന്ദ്രത്തിനെതിരേ രൂക്ഷവിമര്ശനമുന്നയിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം കഴിഞ്ഞശേഷം ഇത്തരത്തിലൊരു യാത്ര രാജ്യത്തെ ലക്ഷക്കണക്കിന് ആളുകള്‍ ആഗ്രഹിക്കുന്നതാണ്.
രണ്ടാം സ്വാതന്ത്ര്യസമരമെന്ന് ഭാരത് ജോഡോ യാത്രയെ വിശേഷിപ്പിക്കാമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
തമിഴ്തായ് സ്തുതികളോടെയാണ് സമ്മേളനം ആരംഭിച്ചത്. അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഗല്, കോണ്‍ഗ്രസ് നേതാക്കളായ പി. ചിദംബരം, ദിഗ്വിജയ് സിംഗ് എന്നിവര്‍ പ്രസംഗിച്ചു.
തമിഴ്നാട്ടിലെ പദയാത്ര പൂര്‍ത്തിയാക്കി 11ന് രാവിലെ ഏഴിന് പാറശാലയില്‍നിന്ന് കേരളത്തിലെ യാത്ര ആരംഭിക്കും.
കന്യാകുമാരിയിൽ ഭാരത് ജോഡോ യാത്രയ്ക്കു തുടക്കം കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ എന്നിവർ ചേർന്ന് ത്രിവർണ പതാക രാഹുൽ ഗാന്ധിക്കു കൈമാറുന്നു.