സ്വന്തം ലേഖകൻ
കോഴിക്കോട്: ബഹുനില കെട്ടിടങ്ങളില്‍ ഉള്‍പ്പെടെ തീപിടിത്തങ്ങള്‍ തുടര്‍കഥയാകുമ്പോള്‍ കുഴങ്ങി അഗ്നിശമന സേനയും സര്‍ക്കാരും.
വ്യവസായസ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ തീപിടിക്കാനുള്ള സാധ്യത വളരെകൂടുതലാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇന്നലെ തലസ്ഥാന നഗരത്തെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി വന്‍ തീപിടിത്തമുണ്ടായ പശ്ചാത്തലത്തില്‍ ഉള്‍പ്പെടെ തങ്ങള്‍ പറയുന്ന നിര്‍ദേശങ്ങളൊന്നും സര്‍ക്കാര്‍ മുഖവിലക്കെടുക്കുന്നില്ലെന്ന പരാതിയാണ് ഉദ്യോഗസ്ഥര്‍ക്കുള്ളത്.
മാനദണ്ഡങ്ങൾ കടലാസിൽ
ആക്രിക്കടകളിലാണെങ്കിലും വലിയ കെട്ടിടങ്ങളിലാണെങ്കിലും പാലിക്കേണ്ട ദണ്ഡങ്ങള്‍ ആരും ഗൗനിക്കാറുപോലുമില്ലെന്നാണ് ആക്ഷേപം.
സര്‍ക്കാര്‍ വ്യവസായ സൗഹൃദമായതോടെ ഇതിനു മറപറ്റിയാണ് പലയിടത്തും പുതിയ വ്യവസായ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നത്.
സംസ്ഥാനത്തെ 60 ശതമാനം കെട്ടിടങ്ങളും സുരക്ഷ മാനദണ്ഡങ്ങളില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. ബഹുനില കെട്ടിടങ്ങളില്‍ പലതും അഗ്നിരക്ഷാ സേനയുടെ എന്‍ഒസി പുതുക്കാറില്ല.
15 മീറ്ററിനു മുകളില്‍ ഉയരമുള്ള കെട്ടിടങ്ങള്‍ക്കാണ് ഫയര്‍ എന്‍ഒസി ആവശ്യമായുള്ളത്.ആദ്യ അനുമതി ലഭിച്ച് കഴിഞ്ഞാല്‍ കെട്ടിട നമ്പര്‍ ലഭിക്കും.
കെട്ടിട നമ്പര്‍ വാങ്ങിയാല്‍ പിന്നീട് കെട്ടിടയുടമകള്‍ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം ലംഘിക്കുന്ന അവസ്ഥയാണുള്ളത്.
കോഴിക്കോട് ചെരുപ്പ് നിര്‍മാണ കമ്പനിയിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ടാകട്ടെ അനുവദിച്ചതിലും കൂടുതല്‍ പ്രദേശത്ത് സുരക്ഷ കാറ്റില്‍ പറത്തിയാണ് കമ്പനി പ്രവര്‍ത്തിച്ചിരുന്നത്.
സമീപത്തുള്ള കെട്ടിടങ്ങള്‍ക്ക് കൂടി ദോഷമുണ്ടാകുന്ന രീതിയിലാണ് ഈ പ്രവര്‍ത്തനമെന്നും അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ പറയുന്നു.
തിരുവനന്തപുരത്ത് ആക്രിക്കടതയില് തീപിടിത്തം നടക്കുമ്പോള്‍ സമീപത്ത് ആശുപത്രിയാണ് ഉണ്ടായിരുന്നത്.
നടപടിയില്ല
പുതുതായി വ്യവസായം തുടങ്ങുന്നവര്‍ക്ക് അഞ്ചുവര്‍ഷത്തിനുള്ളില്‍ എന്ഒടി എടുത്താല്‍ മതിയെന്ന സര്‍ക്കാര്‍ നിര്‍ദേശം തെറ്റായ തിരത്തില്‍ വ്യാഖ്യാനിച്ച് പലരും ഫയര്‍ എക്സ്റ്റിഗ്യൂഷര്‍ പോലും സ്ഥാപിക്കാറില്ല.
നിരവധി തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കെട്ടിടങ്ങളുടെ പൂര്‍ണവിവരങ്ങള്‍ സഹിതം തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഫയര്‍ഫോഴ്സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍ യാതൊരു വിധത്തിലുമുള്ള നടപടിയും ഉണ്ടായില്ല. ഈ കെട്ടിടങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
എമർജൻസി എക്സിറ്റുകൾ എവിടെ?
ചെറിയ തീപ്പൊരിയുണ്ടായാല്‍ വരെ സ്ഫോടന സമാനമായ അവസ്ഥയുണ്ടാവാനുള്ള സാധ്യതയാണ് കോഴിക്കോട് മിഠായിത്തെരുവിലുള്ളതെന്ന റിപ്പോര്‍ട്ട് ഇപ്പോഴും സര്‍ക്കാരിന്റെ കൈകളില്‍ ഇരിക്കുകയാണ്.
പലപ്രമുഖ പലകെട്ടിടങ്ങളിലും പ്രവേശിക്കാനുള്ള ചെറിയ വഴി മാത്രമാണുള്ളത്. എമര്‍ജന്‍സി എക്സിറ്റുകള്‍ പോലും കെട്ടിയടച്ച് അവിടെ കടകളാക്കി മാറ്റിയിട്ടുണ്ട്.
തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്നിട്ടും നടപടികളായില്ല.