പത്തനംതിട്ട: കാപ്പ നിയമപ്രകാരം കൊല്ലം ജില്ലയില്‍ നിന്നും പുറത്താക്കപ്പെട്ട യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി.
കൊല്ലം അറയ്ക്കല്‍ ചന്ദ്രമംഗലത്ത് അനുലാലാണ് (ചന്തു – 25) അടൂര്‍ പോലീസിന്റെ പിടിയിലായത്.
ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴി സൗഹൃദത്തിലായ ഏനാത്ത് സ്വദേശിനിയായ പതിനഞ്ചുകാരിയെ,
കഴിഞ്ഞ ഫെബ്രുവരി ആദ്യം അടൂര്‍ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നിന്നും ബൈക്കില്‍ കയറ്റി തട്ടിക്കൊണ്ടുപോയ ഇയാള്‍ ആലപ്പുഴ ബീച്ചിന് സമീപമുള്ള ലോഡ്ജിലെത്തിച്ചാണ് ലൈംഗിക പീഡനത്തിന് വിധേയയാക്കിയത്.
പെണ്‍കുട്ടി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അടൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശപ്രകാരം, അടൂര്‍ ഡിവൈഎസ്പി ആര്. ബിനു, ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം ചാലക്കുടിയില്‍ നിന്ന് ഇന്നലെ അനുലാലിനെ പിടികൂടുകയായിരുന്നു.
അഞ്ചല്‍, പുനലൂര്‍, കൊട്ടാരക്കര തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി പന്ത്രണ്ടോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ തിരുവനന്തപുരം റേഞ്ച് ഡിഐജിയുടെ ഉത്തരവ് പ്രകാരം കാപ്പ ചുമത്തി കൊല്ലം ജില്ലയില്‍ നിന്നും നാടുകടത്തി ഉത്തരവായിരുന്നു.
തുടര്‍ന്ന്, എറണാകുളത്തേക്ക് കടന്ന ഇയാള്‍, പോക്സോ കേസില്‍ പോലീസ് തിരയുന്നുണ്ടെന്നറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് അറസ്റ്റിലായത്.
അവിടെയുള്ള കാമുകിക്കൊപ്പം തമിഴ്നാട്ടിലേക്ക് ബൈക്കില്‍ കടക്കാന്‍ ശ്രമിക്കവെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.