വെഞ്ഞാറമൂട്: മക്കൾക്ക് വിഷം കൊടുത്ത് ആത്മഹത്യക്കു ശ്രമിച്ച അമ്മയും മകളും മരിച്ചു.
പുല്ലമ്പാറ കുന്നുമുകൾ തടത്തരികത്ത് വീട്ടിൽ ബിജുവിന്റെ ഭാര്യ ശ്രീജകുമാരി(26), മകൾ ജ്യോതിക(9) എന്നിവരാണ് മരിച്ചത്.
മറ്റുമക്കളായ ജ്യോതി(7), അഭിനവ്(3) എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സ കഴിയുകയാണ്.ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
തൊഴിലുറപ്പ് പണിക്ക് പോയിരുന്ന ശ്രീജയുടെ മാതാവ് ഉച്ചയോടെ വീട്ടിലെത്തിയപ്പോൾ ശ്രീജയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് വിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തിയത്.
തുടർന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വൈകുന്നേരത്തോടെ ശ്രീജയുടെ മൂത്ത മകൾ ജ്യോതികയ്ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും രക്തം ഛര്‍ദിക്കുകയുമായിരുന്നു.
തുടർന്ന് ബന്ധുക്കൾ കുട്ടിയെ തേമ്പാമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും പരിശോധനയിൽ വിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തുകയും ചെയ്തു.
തുടര്‍ന്ന് കുട്ടിയെ മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുന്നതിതിനിടെയാണ് ജോലി കഴിഞ്ഞ് പലഹാരങ്ങളും, ബിരിയാണിയും ജ്യൂസുമായി എത്തിയ മാതാവ് തനിക്കും സഹോദരങ്ങൾക്കും എലി വിഷം കലക്കിയ ജ്യൂസ് തന്നശേഷം അമ്മയും കുടിച്ചതായി കുട്ടി പറയുന്നത്. തുടര്‍ന്ന് കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വെഞ്ഞാറമൂട്ടിലെ ഒരു ടെക്സ്റ്റയില്‍സിലെ ജീവനക്കാരിയാണ് ശ്രീജ. ഭർത്താവുമായി പിണങ്ങി ആറ്റിങ്ങൽ സ്വദേശിയായ യുവാവിനൊപ്പം താമസിക്കുകയായിരുന്നു ശ്രീജ.
തുടർന്ന് ആറ്റിങ്ങൽ സ്വദേശിയുമായി പിരിഞ്ഞ് ഭർത്താവായ ബിജുവുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. ബിജു പൂനെയിൽ ടയർ വർക്ക് ഷോപ്പ് തൊഴിലാളിയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ശ്രീജ വീട്ടിൽ എത്തിയിരുന്നില്ലന്നും തൊഴിൽ സ്ഥാപനത്തിൽ സ്റ്റോക്ക് ക്ലിയറൻസ് ആയിരുന്നുവെന്ന് ബന്ധുക്കളോടും മറ്റ് ചിലരോട് കൊല്ലത്തുള്ള ക്ഷേത്രത്തിൽ പോകാനായി സുഹൃത്തിന്റെ വീട്ടിലായിരുന്നതായും പറഞ്ഞതായി പോലീസ് പറയുന്നു.