അടൂര്‍: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ അടൂരില്‍ അറസ്റ്റിലായ സുധീറിനെതിരെ നിരവധി പരാതികള്‍.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. 50 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് ഇയാളുമായി ബന്ധപ്പെട്ട് കേസുകളായുണ്ടെന്ന് പോലീസ് പറഞ്ഞു.
പത്തനാപുരം മഞ്ചള്ളൂര്‍ കാരമൂട് കാരംമൂട്ടില്‍ വീട്ടില്‍ സുധീറിനെ (48) യാണ് ഇന്നലെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പട്ടാഴി നടത്തേരി സെന്റ് ജോര്‍ജ് സ്ട്രീറ്റില്‍ ചരിവുകാലായില്‍ ദാനിയേലിന്റെ മകന് ജോസിന്റെ പക്കല്‍ നിന്ന് ജപ്പാനില്‍ ജോലി വാഗ്ദാനം ചെയ്ത് 2.25 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് അടൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.
അടൂര്‍ റവന്യൂ ടവറില്‍ പ്രവര്‍ത്തിച്ചിരുന്ന യൂണിവേഴ്സല്‍ എന്റപ്രൈസസ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരന് കൂടിയാണ് സുധീര്‍.
ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് കൊടക, കാലടി, ചാലക്കുടി പോലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്.
അടൂരില്‍ സ്വന്തംനിലയില്‍ സ്ഥാപനം നടത്തി ആരുടെയും വിശ്വാസം ജനിപ്പിക്കുന്ന വിധത്തിലായിരുന്നു ഇയാളുടെ പെരുമാറ്റം.
പരാതികള്‍ നിലനില്‍ക്കെത്തന്നെ ഇയാള്‍ തട്ടിപ്പുകള്‍ തുടര്‍ന്നിരുന്നു. അടൂര്‍ ഡിവൈഎസ്പി ആര്.ബിനുവിന്റെ നിര്‍ദ്ദേശപ്രകാരം അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ കെ.എസ്. ധന്യ, മനീഷ് എം, ബിജു ജേക്കബ് തുടങ്ങിയവര്‍ ചേര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.