എന്.എം
വ്യാജമദ്യം കഴിച്ച് മരണപ്പെട്ടവരുടെ നിന്ദ്യമായ പട്ടികയിലേക്ക് ഗുജറാത്തിലെ കഴിഞ്ഞ ദിവസത്തെ വ്യാജമദ്യ ദുരന്തവും എണ്ണപ്പെട്ടു. മരണസംഖ്യ ഇപ്പോൾ 42 ആണ്. ഇനിയും വർധിക്കാം.
മദ്യ നിർമാണവും വിൽപ്പനയും നിരോധിച്ച സംസ്ഥാനത്താണ് ഇത്രയും പേർ വ്യാജമദ്യ ദുരന്തത്തിന് ഇരയായതെന്നതാണ് ഖേദകരം.
പശ്ചിമബംഗാളിലെ ഹൗറ ജില്ലയിൽ സമാനമായ ഒരു ദുരന്തം അടുത്തിടെ നടന്നിരുന്നു. 12പേരുടെ ജീവൻ അപഹരിച്ച ആ ദുരന്തത്തിന്റെ ഞെട്ടൽ മാറുംമുന്പേയാണ് വീണ്ടുമൊരു ദുരന്തം.
ഈ വർഷമാദ്യം ബിഹാറിൽ ഉടനീളം ഹോളി ആഘോഷത്തിനിടെ വ്യാജമദ്യം കഴിച്ച് 40പേരോളം മരണപ്പെട്ടിരുന്നു.
മദ്യത്തിന് ലഹരി കൂട്ടാൻ മീഥൈൽ ആൽക്കഹോളിന്റെ അളവ് കൂട്ടിയും അശാസ്ത്രീയ മായി വാറ്റിയും നിർമിക്കുന്ന വ്യാജമദ്യമാണ് പലപ്പോഴും മരണക്കെണി ഒരുക്കുന്നത്.
6172 പേർ
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസി ആർബി) കണക്കുകൾ പ്രകാരം 2016നും 2020നും ഇടയിൽ ഇന്ത്യയിൽ 6,172പേർ അനധികൃത വ്യാജമദ്യം ഉപയോഗിച്ച് മരിച്ചതായിട്ടാണ് കണക്ക്. ശരാശരി കണക്കെടുക്കുന്പോൾ ഒരു ദിവസം മൂന്ന് മരണം എന്ന കണക്കിലേക്ക് കാര്യങ്ങൾ എത്തുന്നു.
ഇന്ത്യയിലെ വ്യാജമദ്യ മരണങ്ങളിൽ അഞ്ചിലൊന്ന് നടക്കുന്നത് മധ്യപ്രദേശിലാണ്. 2016നും 2020നും ഇടയിൽ 1,214 മരണങ്ങൾ ഇവിടെ സംഭവിച്ചു.
അതായത്, ഈ സംസ്ഥാനത്ത് ഓരോ മൂന്ന് ദിവസത്തിലും രണ്ടു പേർ ഇങ്ങനെ മരിക്കുന്നുവെന്ന് ശരാശരി കണക്കാക്കാം.
കർണാടകയിൽ 2016നും 2020നും ഇടയിൽ മരിച്ചവരുടെ എണ്ണം 909 ആണ്. പഞ്ചാബ് (725), ഛത്തീസ്ഗഡ് (505), ഹരിയാന (476) എന്നീ സംസ്ഥാനങ്ങൾ തൊട്ടുപിന്നിലായി നിലകൊള്ളുന്നു.
ഡൽഹിയിൽ 94, ഗുജറാത്തിൽ 50, ബിഹാറിൽ 21 എന്നിങ്ങനെയാണ് ഇതേ കാലയളവിൽ മരണം രേഖപ്പെടുത്തിയത്. ഇതിൽ ഗുജ റാത്തിന്റെ കണക്ക് വീണ്ടും ഉയരുകയാണ്.
എൻസിആർബിയുടെ കണക്കുകൾ പ്രകാരം മഹാരാഷ്ട്ര, ഗോവ, ലഡാക്ക്, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാജമദ്യ ഉപഭോഗം മൂലം 2016നും 2020നും ഇടയിൽ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അരുണാചൽ പ്രദേശ്, മണിപ്പൂർ, നാഗാലാൻഡ് എന്നിവിടങ്ങളിൽ ഓരോ മരണം രേഖപ്പെടുത്തി. നിരവധി വടക്കുകിഴക്കൻ സംസ്ഥാനങ്ങളും മരണങ്ങൾ ഒഴിവാക്കി മികച്ച പ്രകടനം കാഴ്ചവച്ചു.
കുറയുന്നുണ്ടെങ്കിലും
2017 മുതൽ രാജ്യത്ത് വ്യാജമദ്യ മരണങ്ങൾ കുറഞ്ഞുവരുന്നതായിട്ടാണ് കണക്കുകൾ കാണിക്കുന്നത്.
2017ൽ ഇന്ത്യയിൽ 1,510 മരണങ്ങൾ രേഖപ്പെടുത്തി. 2018ൽ 1,365, 2019ൽ 1,296.
2020ലെ കണക്കുകൾ പരിശോധിച്ചാൽ 895 പുരുഷന്മാരും 52 സ്ത്രീകളും (947പേർ) വ്യാജമദ്യം കഴിച്ച് മരിച്ചതായി കാണിക്കുന്നു. ഏറ്റവും കൂടുതൽ മരണങ്ങൾ (427 പേർ ) സംഭവിക്കുന്നത് 30നും 44നും ഇടയിൽ പ്രായത്തിലുള്ളവരിലാണ്. അതേസമയം പ്രായപൂർത്തിയാകാത്തവരും മരണപ്പെട്ടവരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
ഇവയെല്ലാം വലുത്
സമീപകാലത്ത് ഇന്ത്യയിൽ ഉണ്ടായ വലിയ വ്യാജമദ്യ ദുരന്തങ്ങൾ ഇവയാണ്.2015 ജൂണിൽ വിഷ മദ്യം കഴിച്ച് മാൽവാനിയിലെ ഒരു ചേരിയിൽ 106 പേർ മരിച്ചു.
2011ൽ പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ സംഗ്രാംപൂരിൽ നടന്ന മറ്റൊരു വ്യാജമദ്യ ദുരന്തത്തിൽ 172 പേർ മരിച്ചു.
2008 മേയിൽ കർണാടകയിലും തമിഴ്നാട്ടിലുമായി 180 ഓളം പേർ അനധികൃത കടകളിൽ നിന്ന് വ്യാജമദ്യം കഴിച്ച് മരിച്ചു.
2009നു ശേഷം
2009ന് ശേഷമുള്ള ഗുജറാത്തിലെ ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. 2009ൽ 136 പേരുടെ മരണത്തിനിടയാക്കിയ വ്യാജമദ്യ ദുരന്തം നടന്നിരുന്നു.
ബോട്ടാഡ് ജില്ലയിലെ വിവിധ ഗ്രാമങ്ങളിലെ ചില ചെറുകിട കവർച്ചക്കാർ മീഥൈൽ ആൽക്കഹോൾ അല്ലെങ്കിൽ മെഥനോൾ എന്നിവയിൽ വെള്ളം കലർത്തി വ്യാജ മദ്യം ഉണ്ടാക്കി ഗ്രാമവാസികൾക്ക് ഒരു പൗച്ചിന് 20 രൂപയ്ക്ക് വിറ്റതായിട്ടാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച (ജൂലൈ 25) പുലർച്ചെ ബോട്ടാഡിലെ റോജിദ് ഗ്രാമത്തിലും മറ്റ് ചുറ്റുമുള്ള ഗ്രാമങ്ങളിലും താമസിക്കുന്ന ചിലരുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ബർവാല ഏരിയയിലെയും ബോട്ടാഡ് നഗരങ്ങളിലെയും ആശുപത്രികളെ സമീപിച്ചപ്പോ ഴാണ് ദുരന്തം പുറംലോകം അറിയുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ മദ്യത്തിൻമേൽ ചുമത്തുന്ന കനത്ത നികുതിയാണ് ദരിദ്രർ വിലകുറഞ്ഞ ബദലുകൾ തെരഞ്ഞെടുക്കുന്നതിന്റെ പ്രധാന കാരണം.