എസ്.മഞ്ജുളാദേവി
തിരുവനന്തപുരത്തെ മുടവൻമുകളിലെ ലക്ഷ്മി നിലയത്തിൽ നിറയെ പിച്ചിപ്പൂവിന്റെ ഗന്ധമാണ്. മലയാള സാഹിത്യത്തിൽ അഗ്നിപോൽ ജ്വലിച്ച പി.കേശവദേവിന്റെ സഹധർമിണി സീതാലക്ഷ്മി ദേവിന്റെ ഓർമകളിൽ ഇന്നും പിച്ചിപ്പൂവിന്റെ സുഗന്ധമാണ്.
മുടിയിൽ പിച്ചിപ്പൂക്കൾ ചൂടിയെത്തിയ സീതാലക്ഷ്മി എന്ന പെൺകുട്ടിയോട് ഒരിക്കൽ ദേവ് ചോദിച്ചു- “”ദിവസവും ഈ പൂക്കൾ എവിടുന്നാണ് കിട്ടുന്നത്?” പിച്ചിപ്പൂക്കളെ സ്നേഹിച്ച എഴുത്തുകാരനെ ആരാധിച്ച സീത എന്ന പെൺകുട്ടി പിന്നെ ദിവസവും പിച്ചിപ്പൂക്കൾ എഴുത്തുകാരന്റെ മുറിയിലേക്ക് ജനാല വഴി എറിഞ്ഞു തുടങ്ങി.
മുറിയിലാകെ ആ പൂക്കൾ വീണു ചിതറും..കേശവദേവിന്റെ എഴുത്തു മേശയിൽ, കട്ടിലിൽ, കസേരയിൽ, പുസ്തകങ്ങളിൽ എല്ലാം പിച്ചിപ്പൂക്കൾ മുത്തമിട്ടു.
കേശവദേവ് യാത്രയായിക്കഴിഞ്ഞുള്ള നീണ്ട പതിറ്റാണ്ടുകൾ എന്നും പുലർച്ചെ കുളിച്ചൊരുങ്ങി അലക്കിത്തേച്ച കസവ് മുണ്ടും നേര്യതും അണിഞ്ഞ് പൊട്ടുതൊട്ട് ഒരു കുടന്ന പിച്ചിപ്പൂക്കളുമായി സീതാലക്ഷ്മി കേശവദേവിന്റെ മുറിയിൽ എത്തിയിരുന്നു.
പിന്നെ മുറി മുഴുവൻ പിച്ചിപ്പൂവ് വിതറും. ദേവിന്റെ വലിയ ഫോട്ടോയിൽ പിച്ചിപ്പൂമാല ചാർത്തും. ദേവിന്റെ പുസ്തകങ്ങളിലും പേനയിലും വസ്ത്രത്തിലും കട്ടിലിലുമെല്ലാം പിച്ചിപ്പൂ വാരിത്തൂകും.
കേശവദേവിന്റെ ജീവിതത്തിലേക്കു പിച്ചിപ്പൂവിന്റെ സുഗന്ധവുമായി കടന്നു കയറുന്പോൾ സീതാലക്ഷ്മി ഫിഫ്ത് ഫോമിൽ പഠിക്കുകയാണ്.
ദേവിനു പ്രായം 55 കഴിയും. “ഓടയിൽ നിന്ന്’ എന്ന നോവൽ എഴുതിയ എഴുത്തുകാരനോടുള്ള ആരാധനയിൽ നിന്നു, ധിക്കാരിയായ പപ്പു എന്ന കഥാപാത്രത്തോടുള്ള കടുത്ത ആരാധനയിൽ നിന്നാണ് ഇന്നും തളിരിട്ടു നിൽക്കുന്ന അത്യപൂർവമായ ആ പ്രണയത്തിന്റെ തുടക്കം.
കിളിമാനൂർ രാജാരവിവർമ ഹൈസ്കൂളിൽ ഫോർത് ഫോമിൽ പഠിക്കുന്ന പാവാടക്കാരി ഓടയിൽ നിന്ന് ഉറക്കെ വായിച്ചത് കത്തിച്ച നിലവിളക്കിൻ തിരിയുടെ വെട്ടത്തിലിരുന്നാണ്. നോവൽ എഴുതിയ കേശവദേവിനെ കാണുവാനുള്ള മോഹം അന്നേ ഉള്ളിൽ ഉദിച്ചതാണ്.
തിരുവനന്തപുരം നഗരത്തിലെ തൈക്കാട് ആശുപത്രിയിൽ മിഡ്വൈഫ് ആയിരുന്നു സീതാലക്ഷ്മിയുടെ അമ്മ.
ചിറയിൻകീഴിൽ നിന്നും തൈക്കാടുള്ള വാടക വീട്ടിലേക്കു കുടുംബം താമസം മാറ്റിയത് അമ്മയുടെ ജോലിയുടെ സൗകര്യാർഥം ആയിരുന്നു.
തൊട്ടടുത്തുള്ള വീട്ടിൽ താമസിക്കുന്നത് കേശവദേവാണെന്നു സീതയോടു ആദ്യം പറയുന്നത് മൂത്ത സഹോദരനാണ്.
തന്റെ ആരാധനാ മൂർത്തിയെ അടുത്ത് കാണുവാൻ, നൂറു നൂറു ചോദ്യങ്ങൾ ചോദിക്കുവാൻ വെന്പി നടക്കുകയായിരുന്നു പെൺകുട്ടി.
ദൂരെ എവിടെയോ പ്രസംഗിക്കുവാൻ പോയിരുന്ന കേശവദേവ് രണ്ടു ദിവസം കഴിഞ്ഞ മടങ്ങിയെത്തി. സ്കൂളിൽ പോകാൻ തയാറായി ഇറങ്ങിയ ഒരു പ്രഭാതത്തിലാണ് തന്റെ വീടിന്റെ മുറ്റത്ത് നിന്നിരുന്ന ദേവിനെ സീതാലക്ഷ്മി ആദ്യം കണ്ടത്.
അന്നു സീത അനുജത്തിമാരോടു പറഞ്ഞത്- “”കേശവദേവിന്റെ കഷണ്ടിത്തല കണ്ടോ, ഞാൻ വിചാരിച്ചത് സുന്ദരനായിരിക്കുമെന്നാണ്. നെറ്റി കണ്ടോ, എന്ത് കണക്കിരിക്കുന്നു..ഒട്ടും കൊള്ളില്ല.”
സീതാലക്ഷ്മി തന്നെ പറയുന്നതുപോലെ “”കേശവദേവ് സുന്ദരനല്ല, ചെറുപ്പക്കാരനല്ല, പണക്കാരനല്ല… എങ്കിലും എന്റെ ഹൃദയത്തിൽ അവ്യക്തമായ എന്തോ വികാരം… അദ്ദേഹത്തോട് ഒരടുപ്പം തോന്നിയതുപോലെ…”
എന്നും തന്നെ നോക്കി ചിരിക്കുന്ന പെൺകുട്ടിയെക്കുറിച്ച് ദേവ് ആദ്യം സീതാലക്ഷ്മിയുടെ അനുജത്തിമാരോട് ചോദിച്ചത്- “”ആ ചിരിയുടെ പേരെന്താ?”എന്നായിരുന്നു.
ഭാര്യയിൽ നിന്നുമകന്നു ഒറ്റയ്ക്ക് ജീവിക്കുകയായിരുന്നു അന്ന് കേശവദേവ്. കുട്ടിക്കാലം മുതൽ പുസ്തകങ്ങളെ സ്നേഹിച്ചിരുന്നു സീതാലക്ഷ്മി.
സീതയ്ക്ക് വായിക്കുവാൻ ദേവ് ധാരാളം പുസ്തകങ്ങൾ നൽകിത്തുടങ്ങി. സീതാലക്ഷ്മി കുറിക്കുന്നത് പോലെ(കേശവദേവ് എന്റെ നിത്യകാമുകൻ) -“”വേദനിക്കുന്ന ഒരു മനുഷ്യാത്മാവിന്റെ നിസഹായമായ സ്നേഹമാണ് അദ്ദേഹം എന്നോട് കാട്ടുന്നതെന്ന് തോന്നി.”
തന്റെ കുടുംബജീവിതത്തിന്റെ രസക്കേടുകളും പ്രശ്നങ്ങളുമെല്ലാം കേശവദേവ് പങ്കിട്ടിരുന്നു. തന്റെ ഭാര്യയുമൊത്ത് ഒരു ദിവസം പോലും സമാധാനമായ കുടുംബജീവിതം നയിച്ചിരുന്നില്ലായെന്നും തങ്ങളുടെ വീട്ടിലിരുന്നു എഴുതുകയോ വായിക്കുകയോ ചെയ്തിട്ടില്ല എന്നും ദേവ് വേദനയോടെ പറഞ്ഞു. “ഓടയിൽ നിന്ന്’ എഴുതിയത് കൊല്ലത്ത് ട്രേഡ് യൂണിയൻ ഓഫീസിൽ ഇരുന്നാണ് എന്നും.
പിന്നീട് എന്നോ പാട്ടുകാരിയും കുസൃതിക്കാരിയും വായാടിയുമായ ആ പാവാടക്കാരി ദേവിന്റെ ജീവിതത്തിലേക്കു പടർന്നു കയറുകയായിരുന്നു.
തന്റെ പുതിയ കൃതികളെക്കുറിച്ചും ആകാശവാണിയിൽ ലഭിച്ച ഡ്രാമാ പ്രൊഡ്യൂസർ എന്ന ഉദ്യോഗത്തെക്കുറിച്ചുമെല്ലാം കേശവദേവ് ആദ്യം പറഞ്ഞത് സീതാലക്ഷ്മിയോടാണ്.
ഒരിക്കൽ അകന്നു കഴിഞ്ഞിരുന്ന ഭാര്യ ദേവിന്റെ വാടക വീട്ടിൽ വന്ന് പ്രശ്നം ഉണ്ടാക്കിയപ്പോൾ കടുത്ത മാനസിക സംഘർഷത്തോടെ ദേവ് പറഞ്ഞത്- “”അവരും ഞാനുമായി ഒരു നിമിഷം പോലും ഒരുമിച്ച് ജീവിക്കുക സാധ്യമല്ല, എനിക്ക് സ്വസ്ഥത വേണം, ഏകാന്തത വേണം” എന്നാണ്.
ഒരു സന്ധ്യയ്ക്ക് കേശവദേവ് ഒരു തുണ്ട് കടലാസ് സീതാലക്ഷ്മിക്കു കൊടുത്തു- “”എന്റെ സീതേ, എനിക്ക് പിരിയുവാനും പിണങ്ങാനും കഴിയുന്നില്ല.
ഞാനെന്തു വേണം? മറുപടി തരണം” എന്ന് അതിൽ എഴുതിയിരുന്നു. സീതാലക്ഷ്മി എന്ന സ്കൂൾ കുട്ടി എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലുമായി. ദേവിൽ നിന്ന് ഒഴിഞ്ഞുമാറി ജീവിക്കുവാനും തുടങ്ങി.
ഇതിനിടെ കേശവദേവ് വീടുമാറാൻ തീരുമാനിച്ചു. ദേവിനോടുള്ള വികാരം പ്രണയമാണോ എന്ന് തിരിച്ചറിയുവാൻ പോലും കഴിയാതെയായി സീതാലക്ഷ്മിക്ക്.
എങ്കിലും ആ വേർപാടിന്റെ വാർത്ത താങ്ങുവാൻ കഴിയുമായിരുന്നില്ല. നോട്ടുബുക്കിലെ ഒരു കടലാസ് കീറിയെടുത്ത് സീതാലക്ഷ്മി എഴുതി- “സാർ വീടു മാറരുത്- സീത’.
അങ്ങനെ ആ വീടുമാറൽ അധ്യായം അവസാനിച്ചു. എതിർപ്പുകളുടെ മഹാസാഹിത്യകാരൻ എന്നും തന്റെ മുന്നിൽ ഒരു മാൻപേടയെപ്പോലെ ശാന്തനായിരുന്നുവെന്നും സീതാലക്ഷ്മി പറയും.
വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും എതിർപ്പുകൾ നേരിട്ടപ്പോൾ സീതാലക്ഷ്മിക്കു ധൈര്യമേകിയതും ദേവ് തന്നെ.
“ഏറ്റവും വലിയ എതിർപ്പിന്റെ മുന്നിൽ ഏറ്റവും കൂടുതൽ സ്നേഹം പ്രകടിപ്പിക്കാൻ തയാറാകണം. വാടരുത്, തളരാതെ ധീരതയോടെ എന്നോടൊപ്പം നിൽക്കണം.’
കൗമാരക്കാരിയായ മകൾക്ക് ഏറെ മുതിർന്ന എഴുത്തുകാരനോട് തോന്നുന്ന ആരാധന അതിരു കവിയുന്നത് തിരിച്ചറിഞ്ഞ സീതാലക്ഷ്മിയുടെ അമ്മ ഈ പ്രണയത്തെ കർശനമായി നേരിട്ടിരുന്നു.
ഈ കോളിളക്കത്തിനിടയിലാണ് സഹോദരന്റെ പിന്തുണയോടെ കേശവദേവും സീതാലക്ഷ്മിയും വിവാഹിതരാകുന്നത്.
പ്രായപൂർത്തിയാകാത്ത മകളെ കേശവദേവ് തട്ടിക്കൊണ്ടുപോയി എന്നുള്ള അമ്മയുടെ പരാതിയും ഇരുവരുടേയും അറസ്റ്റും ഇതിനിടയിൽ നടന്നു.
പോലീസ് ജീപ്പിൽ രണ്ടുപേരെയും കൊണ്ടുപോവുകയും ജനക്കൂട്ടത്തിനിടയിലൂടെ നടത്തിച്ച് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
കേശവദേവ് ആദ്യഭാര്യയെ ഉപേക്ഷിച്ചു എന്നുള്ള പത്രവാർത്തകളും വന്നു. തുടർന്ന് റേഡിയോ സ്റ്റേഷനിലെ ഉദ്യോഗവും നഷ്ടമായി.
അപ്പോഴൊക്കെ കേശവദേവ് പറഞ്ഞിരുന്നത്- “”നീ വാടരുത്..നീ വാടിയാൽ ഞാൻ തളരും എന്നാണ്. ” സീതാലക്ഷ്മിയുടെ വാക്കുകളിലേക്ക്- “”ദേവിൽ നിന്ന് എനിക്ക് സ്നേഹം മാത്രമല്ല വാത്സല്യവും ആവോളം ലഭിച്ചു. ആദ്യം ഞങ്ങളുടെ ബന്ധത്തെ വിമർശിച്ചിരുന്നവർ പലരും ഞങ്ങളുടെ ദാന്പത്യം കണ്ട് അസൂയപ്പെട്ടിട്ടുണ്ട്.”
കേശവദേവിന്റെ എഴുത്തിന്റെ, ജീവന്റെ, ഊർജമായി സ്പന്ദനമായി സീതാലക്ഷ്മി മാറി. കേശവദേവും തന്റെ മോൻകുട്ടി(ഏകമകനും പ്രമേഹരോഗ വിദഗ്ധനുമായ ഡോ. ജ്യോതിദേവ് കേശവദേവ്) അടങ്ങുന്ന സ്നേഹ ജീവിതത്തിൽ നിന്നും 1983ൽ വിട പറഞ്ഞിരുന്നു കേശവദേവ്.
സീതാലക്ഷ്മി ദേവ് ഇന്ന് വിശ്രമജീവിതത്തിലുമാണ്. എങ്കിലും ലക്ഷ്മി നിലയത്തിൽ ഇന്നും ഓർമകൾക്കു പിച്ചിപ്പൂക്കളുടെ സുഗന്ധം.