പാലക്കാട്: സന്ദീപ് വാര്യരുടെ കോണ്ഗ്രസ് പ്രവേശത്തെ വിമർശിച്ച് മന്ത്രി എം. ബി. രാജേഷ്. വര്ഗീയതയുടെ കാളകൂടവിഷത്തെയാണ് കോണ്ഗ്രസ് സ്വീകരിച്ചിരിക്കുന്നതെന്ന് രാജേഷ് ആരോപിച്ചു.
കേരളത്തിന്റെ ചരിത്രത്തില് ഇത്ര ഹീനമായ വംശഹത്യ ആഹ്വാനം നടത്തിയ ഒരാളില്ല. കോണ്ഗ്രസിന് ആ കാളകൂടവിഷത്തെ സ്വീകാര്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ അന്ത്യത്തിന്റെ തുടക്കമാണ് സന്ദീപ് വാര്യരുടെ വരവ്. അന്തക വിത്താണ് സന്ദീപ് എന്നും മന്ത്രി പറഞ്ഞു.
ഞങ്ങളുടെ പാർട്ടിയിലേക്ക് എടുക്കാൻ പറ്റുന്നതല്ല എന്ന് ഞങ്ങൾക്ക് നന്നായി അറിയാം. വിഷം ചീറ്റിയെ ആളെ ഞങ്ങൾ എടുക്കുന്നതിനെ കുറിച്ച് ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല. പാണക്കാട്ടെ സന്ദർശനം പരിഹാസ്യമായ നാടകമാണെന്നും അദ്ദേഹം വ്യക്തമാക്കി. ധാരാളം ആർഎസ്എസ് ഏജന്റുമാർ കോൺഗ്രസിലുണ്ട്. ഇപ്പോൾ പുതിയ ഏജന്റ് വന്നു എന്നേയുള്ളുവെന്നും രാജേഷ് കൂട്ടിച്ചേര്ത്തു.