കോയന്പത്തൂർ : കോവിൽപ്പാളയത്തിൽ നീറ്റ് പരിശീലന കേന്ദ്രത്തിൽ വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു.
കൊണ്ടയം പാളയം വാരി മെഡിക്കൽ അക്കാദമിയിലെ വിദ്യാർത്ഥിനിയായ സീർ നായ്ക്കംപ്പാളയം ശ്വേത (18) ആണ് മരിച്ചത്.
കഴിഞ്ഞ രണ്ടു വർഷമായി ശ്വേത ഇവിടെ താമസിച്ചു കൊണ്ട് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തു വരികയായിരുന്നു.
കഴിഞ്ഞ ദിവസം ശാരീരികാസ്വസ്ഥതയെ തുടർന്ന് ശ്വേത ക്ലാസിനു പോകാതെ ഹോസ്റ്റൽ മുറിയിൽ കിടക്കുകയായിരുന്നു.
വൈകുന്നേരം ശ്വേതയുടെ സഹപാഠികളായ പ്രിയങ്ക, കാവ്യ എന്നിവർ ശ്വേതക്കുള്ള ഭക്ഷണവുമായി മുറിയിലേക്കു ചെന്നപ്പോൾ മുറി ഉള്ളിൽ നിന്നും പൂട്ടിയിരിക്കുന്നത് കണ്ട് ജനൽ വഴി നോക്കിയപ്പോൾ ഫാനിൽ തൂങ്ങി നില്ക്കുന്ന ശ്വേതയെ ആണ് കണ്ടത്.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി പരിശോധിച്ച ഡോക്ടർ അറയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കോവിൽപ്പാളയം പോലീസ് മരണത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.
ശ്വേതയും സഹപാഠിയും മധുരൈ സ്വദേശിയുമായിരുന്ന യോഗേശ്വരനും പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധത്തെ ഇരുവരുടെയും കുടുംബാംഗങ്ങൾ എതിർത്തതും യോഗേശ്വരൻ ഇവിടുത്തെ പഠനം നിർത്തിപ്പോയതിലുള്ള മനോവിഷമവും മൂലമാണ് ശ്വേത ആത്മഹത്യ ചെയ്തതെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി.
വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിൽ ദുരൂഹതയുള്ളതായി കാണിച്ച് മരിച്ച വിദ്യാർത്ഥിനി ശ്വേതയുടെ രക്ഷിതാക്കൾ റെവന്യൂ ഓഫീസർ ലീല അലക്സിന് പരാതി നല്കി.
പെണ്കുട്ടി മരിച്ച് രണ്ടു മണിക്കൂർ കഴിഞ്ഞാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചത്. പോലീസിലും വൈകിയാണ് വിവരം നല്കിയിരിക്കുന്നത്.
പോലീസ് എത്തി തെളിവുകൾ ശേഖരിക്കുന്നതിനു മുൻപ് മുറി വൃത്തിയാക്കുകയും ചെയ്തിരുന്നു.
അതിനാൽ പെണ്കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും, അക്കാദമി അധികൃതരുടെ പീഡനം മൂലമാണ് വിദ്യാർത്ഥിനി മരിച്ചതെന്നും,
മരണം കൊലപാതകമാണോ, ആത്മഹത്യയാണോ എന്നതിനെപ്പറ്റിയും സത്യസന്ധമായ അന്വേഷണം നടത്താൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് വി.സി.കെ, തമിഴ്പുലികൾ എന്നീ പാർട്ടി പ്രതിനിധികളുമായി ചേർന്ന് രക്ഷിതാക്കൾ കളക്ടർ ഓഫീസിലെത്തി പരാതി നൽകിയത്.