കൊച്ചി: ചെറുപ്പക്കാരായ ദന്പതികൾക്കിടയിലെ കുടുംബപ്രശ്നങ്ങൾ സംബന്ധിച്ച കേസുകൾ വർധിച്ചു വരുന്നതായി സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സണ് എം.സി. ജോസഫൈൻ. ഈഗോയും ദുരഭിമാനവുമാണ് കാരണമെന്നും ചെയർപേഴ്സണ് അഭിപ്രായപ്പെട്ടു. കളക്ടറേറ്റിൽ നടക്കുന്ന കമ്മീഷന്റെ ദ്വിദിന മെഗാ അദാലത്തിലെ ആദ്യ ദിവസം പരാതികൾ കേട്ടശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ.
ജീവിതപങ്കാളിയുടെ വീട്ടുകാരുമായോ ചുറ്റുപാടുമായോ ഒത്തുചേർന്നു പോകാൻ യുവതലമുറയ്ക്ക് കഴിയുന്നില്ല. സ്ത്രീപുരുഷ ബന്ധത്തിൽ സങ്കീർണതകൾ ഏറിവരുന്നുമുണ്ട്. വിവാഹബന്ധങ്ങൾ ശിഥിലമാകുന്നതിനു പുറമേ സമൂഹത്തിന് അനുയോജ്യമല്ലാത്ത സ്ത്രീപുരുഷ ബന്ധങ്ങളും വളർന്നു വരുന്നു. അവകാശങ്ങളെക്കുറിച്ച് അറിവില്ലാത്തതും പ്രശ്നമാണ്.
തൊഴിലിടങ്ങളിലെ ഉപദ്രവം പരിഹരിക്കാൻ എല്ലാ സ്ഥാപനങ്ങളിലും ഇന്റേണൽ കംപ്ലെയിന്റ് കമ്മിറ്റി പ്രവർത്തിക്കുന്ന കാര്യം പല സ്ത്രീകൾക്കും അറിവില്ല. അവിടംകൊണ്ടു പരിഹരിക്കാവുന്ന നിസാര പ്രശ്നങ്ങൾവരെ കമ്മീഷനു മുന്നിലെത്താറുണ്ട്. സ്ഥാപനങ്ങളിൽ ജനാധിപത്യപരമായ രീതിയിൽ ഇന്റേണൽ കംപ്ലെയിന്റ് കമ്മിറ്റി രൂപീകരിക്കണമെന്നു ചെയർപേഴ്സണ് നിർദേശിച്ചു. കമ്മിറ്റിയിൽ പൊതുപ്രവർത്തക, പോലീസ്, നിയമ പരിജ്ഞാനമുള്ളയാൾ എന്നിവർ വേണമെന്നാണ് നിബന്ധനയെങ്കിലും പാലിക്കപ്പെടുന്നില്ല.
വയോജന നിയമം ശക്തമാക്കണം. പ്രായമായ രക്ഷിതാക്കളെ പരിപാലിക്കാൻ കഴിയില്ലെന്നു പറയുന്ന മക്കളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. പണവും സ്വത്തും കൈക്കലാക്കാൻ മാത്രം രക്ഷിതാക്കളെ കൂടെ നിർത്തുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്യുന്ന പ്രവണത വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
പുനർവിവാഹത്തിനു മുതിരുന്നതിനു മുന്പ് പങ്കാളിയുടെ ജീവിതപശ്ചാത്തലം വിശദമായി മനസിലാക്കണം. മാസംതോറും 22,000 രൂപ പെൻഷൻ ലഭിക്കുന്ന അമ്മയുടെ എടിഎം കാർഡ് കൈക്കലാക്കി അമ്മയെ വൃദ്ധസദനത്തിലാക്കിയെന്ന പരാതിയിൽ കമ്മീഷൻ വാദം കേട്ടു.
94 കേസുകൾ പരിഗണിച്ചതിൽ 16 എണ്ണം തീർപ്പാക്കി. എട്ടു കേസുകൾ പോലീസ് റിപ്പോർട്ടിന് അയച്ചു. മൂന്നെണ്ണത്തിൽ കൗണ്സലിംഗ് നിർദേശിച്ചു. കമ്മീഷൻ അംഗങ്ങളായ അഡ്വ. ഷിജി ശിവജി, ഇ.എം. രാധ, ഡയറക്ടർ വി.യു. കുര്യാക്കോസ്, അഭിഭാഷകരായ ആനി പോൾ, സ്മിത ഗോപി, പി. യമുന, എ.ഇ. അലിയാർ, പോലീസ് വനിത സെൽ ഉദ്യോഗസ്ഥർ തുടങ്ങിയവരും സിറ്റിംഗിൽ പങ്കെടുത്തു. മെഗാ അദാലത്തിന്റെ രണ്ടാംദിനമായ ഇന്നു പരാതികൾ പരിഗണിക്കും.