തിരുവനന്തപുരം: വിവിധ അധികാരങ്ങളുള്ള സ്ഥാപനമായിട്ടും വനിതാ കമ്മീഷനിൽ വ്യാജപരാതികൾ പെരുകുകയാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫെയ്ൻ പത്രസമ്മേളനത്തിൽ പറഞ്ഞു. പലപ്പോഴും പരാതിക്കാരികളായ സ്ത്രീകൾ കമ്മീഷനിൽ എത്തുന്നില്ല. നോട്ടീസുകൾ അയച്ചാൽ പോലും പലരും ഹാജരാവുന്നില്ല.
ഇത്തരക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ജോസഫെയ്ൻ വ്യക്തമാക്കി. നിയമങ്ങൾ കർശനമായിട്ടും ഗാർഹികപീഡനങ്ങളും തൊഴിൽസ്ഥലത്തെ പീഡനങ്ങളും കൂടിവരികയാണ്. ഈ സാഹചര്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനം ആവശ്യമാണ്. വാക്കുകൾ, നോട്ടം, ശാരീരിക അവയവങ്ങളുടെ ചലനം എന്നിവ കൊണ്ട് ഒരു സ്ത്രീയെ ദ്രോഹിക്കുന്നത് പീഡനത്തിന്റെ പരിധിയിൽ വരുമെന്നും അവർ പറഞ്ഞു.
ഇന്നലെ തൈക്കാട് റസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച വനിതാ കമ്മീഷൻ തിരുവനന്തപുരം ജില്ലാ അദാലത്തിൽ ആകെ 180 കേസുകൾ പരിഗണിച്ചു. 57 എണ്ണം തീർപ്പാക്കി. ഏഴെണ്ണത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു. കമ്മീഷൻ അംഗങ്ങളായ എം.എസ്.താര, ഷിജി ശിവജി, ഇ.എം.രാധ, ഡയറക്ടർ വി.യു. കുര്യാക്കോസ്, സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ എന്നിവരും അദാലത്തിന് നേതൃത്വം നൽകി.