മനുഷ്യരായാല്‍ ഇങ്ങനെ പല തെറ്റും പറ്റും എന്നു പറയാന്‍ ഒരു വനിതാ കമ്മീഷന്റെ ആവശ്യമില്ല! വനിതാ കമ്മീഷനെ വിമര്‍ശിച്ചും പരിഹസിച്ചും സമൂഹമാധ്യമങ്ങള്‍; ട്രോളുകള്‍ പെരുകുന്നു

പി കെ ശശി വിഷയത്തില്‍ പുലിവാല് പിടിച്ചിരിക്കുന്നത് വനിതാ കമ്മീഷനും. പി.കെ ശശി എം.എല്‍.എക്കെതിരായ പീഡനപരാതിയില്‍ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് പ്രതികരിച്ച വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെയാണ് വിമര്‍ശനവും പരിഹാസവും ഉയര്‍ന്നു വന്നിരിക്കുന്നത്.

വനിത കമ്മീഷന്റെ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം ഉയര്‍ന്നത്. കമീഷന്‍ പിരിച്ചുവിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ പ്രതികരിച്ചിരുന്നു. രാഷ്ട്രീയംനോക്കി നിലപാടെടുക്കുന്ന രീതി രാജ്യത്തിന്റെ അന്ത:സത്തയെ ഇല്ലാതാക്കുന്നതാണ്. പരാതി കിട്ടിയാലേ നടപടിയെടുക്കൂ എന്ന് പറയുന്ന ഈ വനിത കമ്മീഷന്‍ എത്ര കേസില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും ബിന്ദു കൃഷ്ണ ചോദിച്ചു.

സ്ത്രീക്ക് നീതി ലഭ്യമാക്കാന്‍ വനിത കമ്മീഷന് കഴിയില്ലെങ്കില്‍ അവര്‍ രാജിവെച്ച് പോകണം. സ്വമേധയാ കേസെടുക്കാന്‍ കഴിയില്ലെന്ന് പറയാന്‍ അവര്‍ക്ക് ലജ്ജയില്ലേയെന്നും ചാനല്‍ ചര്‍ച്ചക്കിടെ ബിന്ദുകൃഷ്ണ ചോദിച്ചു. ‘മുള്‍ക്കിരീടമിതെന്തിനു നല്‍കീ’ എന്ന പാട്ടുപാടുന്ന നായികയുടെ ഭാവമാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മുഖത്തെന്ന് പ്രമുഖ എഴുത്തുകാരി ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ‘കാര്‍ന്നോമ്മാര്‍ സമ്മതിക്കാതെ ഒന്നും ചെയ്യാന്‍ പറ്റില്ലെങ്കില്‍ ഇങ്ങനെയൊരു കമ്മീഷന്‍ അനാവശ്യ ബാധ്യതയല്ലേ’ എന്നും ശാരദക്കുട്ടി ചോദിച്ചിരുന്നു.

മനുഷ്യരായാല്‍ അങ്ങനെ പല തെറ്റും പറ്റും എന്ന് പറയാന്‍ ഒരു വനിതാ കമ്മീഷന്റെ ആവശ്യമില്ല’, ‘ഇരയോടൊപ്പം നില്‍ക്കാന്‍ പാര്‍ട്ടിയുമില്ല, സര്‍ക്കാരുമില്ല വനിതാകമ്മീഷനുമില്ല’ എന്നീ തരത്തിലുള്ള പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും ട്രോളുകളിലൂടെയും പൊതുജനവും വനിതാ കമ്മീഷനെ വിമര്‍ശിക്കുന്നുണ്ട്.

Related posts