നിയാസ് മുസ്തഫ
മുസ്ലിം ലീഗിന് നിർണായക സ്വാധീനമുള്ള മണ്ഡലമാണ് വയനാട് ലോക്സഭാ മണ്ഡലം. കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുന്നു എന്ന വാർത്ത വളരെ ആവേശത്തോടെ സ്വാഗതം ചെയ്ത ലീഗ് നേതൃത്വവും പ്രവർത്തകരും ഇപ്പോൾ അല്പം നിരാശയിലാണ്. രാഹുൽ ഗാന്ധി മത്സരരംഗത്തേക്ക് വരുമോയെന്ന് തീരുമാനമായിട്ടില്ല. സ്ഥാനാർഥി ആയി ആദ്യം പ്രഖ്യാപിച്ച ടി. സിദ്ദീഖ് രാഹുലിനുവേണ്ടി ഒഴിയുകയും ചെയ്തു.
ഇതോടെ സ്ഥാനാർഥി ഇല്ലാതെ എങ്ങനെ പ്രചാരണം മുന്നോട്ടുകൊണ്ടുപോകുമെന്ന ആശയക്കുഴപ്പത്തിൽ യുഡിഎഫ് അണികൾ എത്തിയിട്ട് ദിവസങ്ങളായി. എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ ഇതിനകം പ്രചാരണത്തിൽ ഏറെ മുന്നോട്ടുപോയ സാഹചര്യത്തിൽ തീരുമാനം വൈകരുതെന്ന പൊതു ആവശ്യമാണ് കോൺഗ്രസ് ഹൈക്കമാൻഡിനു മുന്നിൽ യുഡിഎഫ് അണികൾ വയ്ക്കുന്നത്.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ നാലാണ്. ഇന്നോ നാളെയോ എങ്കിലും സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമതീരുമാനം വന്നില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന ആശങ്കയിലാണ് യുഡിഎഫ് നേതാക്കളും അണികളും.
ഈ സാഹചര്യത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിൻഹാജി രാഷ്ട്രദീപികയോട് സംസാരിക്കുന്നു.
സ്ഥാനാർഥി നിർണയം വൈകുന്നതിൽ അതൃപ്തിയുണ്ടോ?
വയനാട് സീറ്റിൽ സ്ഥാനാർഥി നിർണയം കോൺഗ്രസ് വച്ചു താമസിപ്പിക്കരുതെന്നാണ് ലീഗിന് ആവശ്യപ്പെടാനുള്ളത്. അതൃപ്തിയില്ല. അതൃപ്തിയുണ്ടെന്ന വാർത്തകൾ ശരിയുമല്ല. മണ്ഡലത്തിലെ സ്ഥാനാർഥി നിർണയം വൈകുന്നതിൽ പ്രവർത്തകർക്കും നേതാക്കൾക്കും ആശയക്കുഴപ്പമുണ്ട്. ഈ ആശയക്കുഴപ്പം ഒഴിവാക്കണമെന്നാണ് ലീഗിന് പറയാനുള്ളത്.
രാഹുൽ വന്നില്ലെങ്കിൽ ആവേശം ചോരുമോ?
ലീഗിനെ സംബന്ധിച്ച് ആരെ സ്ഥാനാർഥി ആയി കോൺഗ്രസ് പ്രഖ്യാപിച്ചാലും ലീഗ് ശക്തമായി അവരോടൊപ്പം നിൽക്കും. കേന്ദ്രത്തിൽനിന്ന് ബിജെപി സർക്കാരിനെ പുറത്താക്കുക എന്നതാണ് ലീഗിന്റെയും യുഡിഎഫിന്റെയും ലക്ഷ്യം. ജനാധിപത്യ മതേതര ശക്തികൾ അധികാരത്തിൽ വരണം, ഫാസിസ്റ്റുകളെ അധികാരത്തിൽനിന്ന് പുറത്താക്കണം- ഇതിനാണ് ലീഗ് പണിയെടുക്കുന്നത്. കോൺഗ്രസിൽനിന്ന് ആരു സ്ഥാനാർഥി ആയി വന്നാലും ലീഗിന് പ്രശ്നമല്ല. കോൺഗ്രസ് സ്ഥാനാർഥിയെ വിജയിപ്പിക്കുക എന്നതാണ് ലക്ഷ്യം.
വയനാട്ടിലെ ആശയക്കുഴപ്പം മറ്റു മണ്ഡലങ്ങളെ ബാധിക്കുമോ?
വയനാട് സീറ്റിൽ സ്ഥാനാർഥികളെ നിർണയിക്കാൻ വൈകുന്നത് കേരളത്തിലെ ഒരു മണ്ഡലത്തിലെയും യുഡിഎഫ് വിജയത്തെ ദോഷകരമായി ബാധിക്കില്ല. ജനാധിപത്യ മതേതര വിശ്വാസികളാണ് കേരളത്തിൽ മഹാഭൂരിപക്ഷവും. രാഹുൽഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാനുള്ള പ്രവർത്തനങ്ങളാണ് എല്ലാ മണ്ഡലങ്ങളിലും നടക്കുന്നത്.
പൊന്നാനിയിലെ എസ്ഡിപിഐയുടെ സാന്നിധ്യം ?
പൊന്നാനിയിൽ ഇടി മുഹമ്മദ് ബഷീർ മികച്ച വിജയം നേടും. എസ്ഡിപിഐ സ്ഥാനാർഥി മത്സരിക്കുന്നത് ലീഗിന്റെ വിജയത്തിന് തടസമല്ല. എസ്ഡിപിഐയെ എന്നും ലീഗ് എതിർത്തിട്ടുണ്ട്. എസ്ഡിപിഐയുടെ ആദ്യകാല രൂപമായ എൻഡിഎഫിനെയും ആദ്യമായി എതിർത്ത പാർട്ടി ലീഗാണ്. മതേതര സൗഹൃദ സംസ്ഥാനമാണ് കേരളം. അതിന് ഒരു തരത്തിലുള്ള ഭംഗവും ഉണ്ടാക്കാൻ ലീഗ് അനുവദിക്കില്ല. പ്രത്യേകിച്ച് മുസ്ലിം സമുദായത്തിൽ ആരെങ്കിലും കേരളത്തിലെ മതേതര സൗഹൃദാന്തരീക്ഷം തകർക്കാനുള്ള ലക്ഷ്യവുമായി വന്നാൽ ലീഗ് അവരെ എതിർക്കാൻ മുന്നിലുണ്ടാവും.
കാന്തപുരത്തിന്റെ പിന്തുണ ഇടതുപക്ഷത്തിനാണല്ലോ?
കാന്തപുരം വിഭാഗം എല്ലാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തെയാണ് പിന്തുണയ്ക്കുന്നത്. എൽഡിഎഫിന്റെ ബി ടീമാണ് കാന്തപുരം വിഭാഗം.