മൂവാറ്റുപുഴ: എംസി റോഡിലെ അപകടം ഒഴിവാക്കാൻ പൊതുമരാമത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ ഫയലിൽ തന്നെ. എംസി റോഡിൽ ഇനിയും ജീവൻ പൊലിയാതിരിക്കാനുള്ള സുരക്ഷാ പദ്ധതിക്ക് ആവശ്യമായ നിർദ്ദേശങ്ങൾ തയാറാക്കി പൊതുമരാമത്ത് ഉദ്യോഗസ്ഥർ സർക്കാരിന് സമർപ്പിച്ചിട്ട് നാളുകൾ ഏറെയായെങ്കിലും നടപടികളൊന്നുമായിട്ടില്ല.
ശനിയാഴ്ച്ച രാത്രി 11ഓടെ തൃക്കളത്തൂർ പള്ളിത്താഴത്ത് കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച അപകടമാണ് ഒടുവിലത്തേത്. അപകടത്തിൽ കാർ യാത്രക്കാരായ മൂവാറ്റുപുഴ ആനിക്കാട് കണ്ടത്തിക്കുടി തെക്കുംഭാഗം ജോണി (60), ഭാര്യ ബീന (53), മകൻ ബാജിയ (25), മകൾ റോസ് മേരി (10), ബാജിയായുടെ ഭാര്യ എലിസബത്ത് (23) എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കുടുംബാംഗങ്ങൾ സഞ്ചരിച്ചിരുന്ന കാർ എതിരേ വന്ന കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബീനയും ബാജിയും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇതേസ്ഥലത്തുതന്നെ കഴിഞ്ഞ ആറുമാസത്തിനിടെ നിരവധി അപടകങ്ങളാണ് ഉണ്ടായിരിക്കുന്നത്.
എംസി റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്പോഴും അധികൃതർ നിസംഗത പുലർത്തുകയാണെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ഇനിയും വലിയ അപടകങ്ങൾക്ക് എംസി റോഡിൽ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ് സുരക്ഷാ സംവിധാനം ഒരുക്കാനാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ നേരത്തെ സർക്കാരിന് നിർദ്ദേശം സമർപ്പിച്ചിരുന്നത്.
നഗരകേന്ദ്രങ്ങളിലും ഏതാനും ജംഗ്ഷനുകളിലു ഒഴികെ തെരുവ് വിളക്കുകൾ പ്രകാശിക്കുന്നില്ല. ഇത് തെളിക്കാൻ അടിയന്തിര നടപടി പദ്ധതിയിൽ നിർദ്ദേശിച്ചിരുന്നു. അപകടം പതിവാകുന്ന മണ്ണൂർ, തൃക്കളത്തൂർ, പേഴയ്ക്കാപ്പിള്ളി സബൈൻ ആശുപത്രി ജംഗ്ഷൻ എന്നിവയടക്കമുള്ള മേഖലകളിൽ ഹബ്ബുകൾ സ്ഥാപിക്കൽ, റോഡരികിലെ കാടുകൾ വെട്ടിമാറ്റൽ, സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കൽ, കൈയേറ്റം ഒഴിപ്പിക്കൽ, അനധികൃത പാർക്കിംഗ് തടയൽ, സുരക്ഷാ കാമറകൾ സ്ഥാപിക്കൽ എന്നിങ്ങനെ നിരവധി നിർദ്ദേശങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്.
മോട്ടോർ വാഹന വകുപ്പ്, റവന്യൂ, പോലീസ്, പൊതുമരാമത്ത്, നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ, ജനപ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിൽ റോഡുകളിലെ അപകട മേഖലകൾ പരിശോധിച്ച് സേഫ്റ്റി ഓഡിറ്റ് റിപ്പോർട്ട് തയാറാക്കിയിരുന്നു. ഇതിലെ നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നടപടികൾ ഒന്നുമായിട്ടില്ല.
എംസി റോഡിലും കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിലും അപകടം തുടർക്കഥയാവുകയാണ്. പ്രശ്നത്തിന് ശാശ്വതപരിപാരം കാണാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.