ചിങ്ങവനം: എംസി റോഡിൽ ചിങ്ങവനം മുതൽ ചങ്ങനാശേരി വരെയുള്ള ഭാഗങ്ങളിൽ അപകടം പതിയിരിക്കുന്നു. ആധുനിക രീതിയിൽ റോഡ് വികസിപ്പിച്ചതോടെയാണ് അപകടങ്ങൾ പെരുകിയത്. അപകടങ്ങൾ കുറയ്ക്കാൻ റോഡിന്റെ നിർമാണഘട്ടത്തിൽ യാതൊരുവിധ നടപടികളും സ്വീകരിച്ചില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.ചിങ്ങവനത്തിന് തെക്കും വടക്കുമുള്ള സെമിനാരിപ്പടി, പുത്തൻപാലം, പള്ളം, കരിന്പിൻകാലാ തുടങ്ങിയ ഭാഗങ്ങളിൽ എന്നും അപകടം തുടർക്കഥയാണ്.
നിരവധി മനുഷ്യജീവനുകളാണ് ഈ ഭാഗങ്ങളിൽ പൊലിഞ്ഞിട്ടുള്ളത്. സെമിനാരിപടിയിലും, പുത്തൻപാലത്തിന് സമീപം റോഡ് വികസനത്തിന് ശേഷം ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ട് പേരാണ് ജീവൻ ബലികൊടുത്തത്. സെമിനാരിപ്പടിയിൽ റോഡരികിൽ മീൻ വിറ്റുകൊണ്ടിരുന്നവർക്ക് നേരേ കാർ നിയന്ത്രണംവിട്ട് പാഞ്ഞു കയറുകയായിരുന്നു. ഒരാൾ തൽക്ഷണം മരിക്കുകയും, കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
തുടർന്ന് ആഴ്ചകൾക്ക് ശേഷം ഇതേ ഭാഗത്ത് തന്നെ നടുറോഡിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു വാഹനങ്ങൾ നിയന്ത്രണംവിട്ട് പലഭാഗങ്ങളിലേക്കും പാഞ്ഞു. വലിയൊരു ദുരന്തത്തിനാണ് കളമൊരുങ്ങിയതെങ്കിലും ഭാഗ്യംകൊണ്ടു മാത്രമാണ് പലരും രക്ഷപ്പെട്ടത്.
പുത്തൻപാലത്തിന് സമീപം ലോറിയും മാരുതി കാറും കൂട്ടിയിടിച്ചാണ് ഏതാനും ആഴ്ചകൾക്ക് മുന്പ് കാർ ഓടിച്ചിരുന്നയാൾ തത്ക്ഷണം മരിച്ചത്. എന്നിട്ടും റോഡിൽ വേണ്ട ക്രമീകരണങ്ങൾ നടത്തുവാൻ അധികൃതർ കഴിഞ്ഞിട്ടില്ല. റോഡിന്റെ ചരിവും, വളവുമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ഡിവൈഡറുകൾ ഇല്ലാത്തതാണ് അപകടങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാർ പറഞ്ഞു.