ഏറ്റുമാനൂർ: എം സി റോഡിൽ തെള്ളകം അടിച്ചിറ ഭാഗത്തെ കുഴി അപകടക്കെണിയായി മാറി. കഴിഞ്ഞ മഴക്കാലത്താണ് അടിച്ചിറ ജംഗ്ഷനു സമീപം കുഴികൾ രൂപപ്പെട്ടത്. ചെറിയ വളവോടു കൂടിയ സ്ഥലമായതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെയുള്ള ചെറുവാഹനങ്ങൾക്ക് വലിയ ഭീഷണിയാണ് ഇതുണ്ടാക്കുന്നത്. രാത്രി കാലങ്ങളിൽ വേഗത്തിൽ വരുന്ന വാഹനങ്ങൾ അപ്രതീക്ഷിതമായി കുഴിയിൽ ചാടുന്പോൾ നിയന്ത്രണം വിടുന്നതും പതിവാണ്.
സംസ്ഥാനത്തെ പ്രധാന റോഡ് ആയതിനാൽ ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. എന്നാൽ കെ എസ് ടി പി യുടെ റോഡ് നിർമാണത്തിലെ അപാകതയാണ് റോഡ് തകരാൻ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം കെ എസ് ടി പി യുടെ നേതൃത്വത്തിൽ കുഴിയിൽ ടാർ ഒഴിച്ച് മെറ്റൽ നിരത്തിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല.
അപകട സാധ്യത വർധിച്ചതോടെ റോഡിൽ പോലിസിന്റെ നേതൃത്വത്തിൽ റിഫ്ളക്ടറുകൾ സ്ഥാപിച്ചിരുന്നു. സമാനമായ രീതിയിൽ കഴിഞ്ഞ വർഷം ഏറ്റുമാനൂർ ടൗണിലും റോഡ് തകർന്നിരുന്നു. അന്ന് ടാറിംഗ് പൊളിച്ച് മാറ്റിയ ശേഷം തറയോടുകൾ നിരത്തിയാണ് റോഡ് നന്നാക്കിയത്. തവളക്കുഴി ജംഗ്ഷനിൽ റോഡ് ഇടിഞ്ഞു താഴ്ന്ന് അഗാധമായ ഗർത്തം രൂപപ്പെട്ടതിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
കോടികൾ മുടക്കി നിർമിച്ച റോഡുകൾ പണി പൂർത്തിയാക്കി ഒരു വർഷം തികയും മുൻപ് ഇത്തരത്തിൽ റോഡ് തകർന്നതിൽ നാട്ടുകാർ കടുത്ത അമർഷം രേഖപ്പെടുത്തി. റോഡ് എത്രയും വേഗം പുനർ നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.