ഏറ്റുമാനൂർ: തവളക്കുഴി ജംഗ്ഷനിൽ എംസി റോഡിൽ റോഡ് ഇടിഞ്ഞു താഴ്ന്ന് രൂപപ്പെട്ട ഗർത്തത്തിനു പരിഹാരം കാണാൻ കെഎസ്ടിപി ഇടപെടണം. കെഎസ്്ടിപിയും കരാറുകാരനുമായുളള ഡിഎൽപി കാലാവധി കഴിഞ്ഞ മാർച്ചിൽ അവസാനിച്ചതോടെയാണു പുനർനിർമ്മാണത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം നീളുന്നത്. എംസി റോഡ് നിർമ്മാണവും പൂർത്തിയായങ്കിലും കെഎസ്്ടിപിയിൽനിന്നു പിഡബ്ല്യുഡി റോഡ് ഏറ്റെടുക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
ഗർത്തം ഉണ്ടായ ഭാഗത്തെ വെള്ളം ഒഴുകിപോകുന്നതിനു വേണ്ട നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി കഐസ്ടിപി ചീഫ് എൻജിനീയറുടെ അനുമതി ലഭിക്കണം. 6 ലക്ഷം രൂപയോളം അനുവദിച്ചു കിട്ടിയാലെ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുകയുള്ളെന്നും കഐസ്ടിപി അധികൃതർ പറഞ്ഞു. കഴിഞ്ഞ മാസം 29 നാണ് എംസി റോഡിൽ ഗർത്തം രൂപപ്പെട്ടത്.
പത്ര ഏജന്റായ കാണക്കാരി സെബാസ്റ്റ്യൻ റോഡ് അരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ കയറുന്നതിനിടെയാണു 12 അടിയോളം താഴ്ചയുള്ള ഗർത്തം രൂപപ്പെട്ടത്. കുഴിയിലേക്ക് വീണ് പോയ സെബാസ്റ്റ്യൻ അതിലേക്കു വീഴുകയും നിസാരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. 45 വർഷങ്ങൾക്കു മുൻപ് ഓൾഡ് എംസി റോഡ് കടന്നുപോയതു മാത്തുങ്കൽ കലുങ്കിനു മുകളിലൂടെയാണ്.പിന്നിട് 15 വർഷം മുൻപ് എംസി റോഡ് 10 മീറ്റർ വീതികൂട്ടിയെങ്കിലും 4 മീറ്റർ മാത്രം വീതിയുള്ള കലുങ്ക് അതെ പടി തന്നെ നിലനിർത്തുകയായിരുന്നു.
എതിർവശത്തെ വീടുകളിൽ വെള്ളം കയറുന്നതു നിത്യസംഭവം ആയതോടെ നാട്ടുകാർ കഐസ്ടിപിയ്ക്കു പരാതി നൽകിയതിനെ തുടർന്ന് കഴിഞ്ഞ ആറിനു കെഎസ്്ടിപി അധികൃതർ സ്ഥലത്തെത്തി മണ്ണ് നീക്കം ചെയ്ത് നടത്തിയ പരിശോധനയിൽ തവളക്കുഴിയിലെ സ്വകാര്യ കച്ചവട സ്ഥാപനത്തിലെ ഉടമ കലുങ്കിലൂടെ ഒഴുകുന്ന വെള്ളം പോകുവാൻ അനധികൃതമായി പൈപ്പിട്ടതിനാൽ വെള്ളത്തിന്റെ ഒഴുക്കു നിലയ്ക്കുകയും പ്രദേശത്ത് വെള്ളം തടഞ്ഞുനിന്ന തോടെ ഗർത്തം രൂപപ്പെട്ടതിന്റെ കാരണമെന്ന് കെഎസ്ടിപി അധികൃതർ പറഞ്ഞു.
തുടർന്ന് നിർമ്മാണത്തിനായി ആഴത്തിൽ റോഡ് കുഴിച്ച് ഇട്ടിരിക്കുകയാണ്. കാൽനടക്കാർക്കും വാഹനയാത്രികർക്കും അപകടക്കെണിയായ ഗർത്തം മൂടാൻ എത്രയും വേഗം അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ജനകീയ ആവശ്യം.