തിരുവല്ല: നഗരഹൃദയത്തിലെ എംസി റോഡ് ടാറിംഗ് അട്ടിമറിച്ചതായി ആക്ഷേപം. എംസി റോഡില്‍ നിര്‍ദിഷ്ട ബൈപാസ് തുടങ്ങുന്ന മഴുവങ്ങാട്ചിറ മുതല്‍ രാമന്‍ചിറ വരെയുള്ള ഭാഗത്തെ ടാറിംഗ് ആണ് കഴിഞ്ഞ ദിവസങ്ങളില്‍ ആരംഭിച്ചത്. ഇതില്‍ നഗര ഭാഗത്ത് ഇരുവശത്തെയും നടപ്പാത വരെയുള്ള റോഡ് പകുതി ടാറിംഗ് നടത്തിയിരുന്നു.
എന്നാല്‍ കല്യാണ്‍ ജംഗ്ഷന് മുതല്‍ രാമന്‍ചിറയില്‍ ബൈപാസ് അവസാനിക്കുന്നിടം വരെ പത്ത് മീറ്റര്‍ മാത്രം ടാറിംഗ് നടത്താനാണ് അധികൃതരുടെ നീക്കം. റോഡിന്റെ മധ്യഭാഗത്തു നിന്നും ഇരുഭാഗത്തേക്കും അഞ്ച് മീറ്റര്‍ വീതം മാത്രം ടാറിംഗ് നടത്തിയാൽ മതിയെന്നാണ് പുതിയ നിർദേശം. പൂര്‍ണമായും മെറ്റല്‍ നിരത്തി നിര്‍മാണ നടപടികള്‍ ആരംഭിച്ച ജോലികൾ അട്ടിമറിച്ചതിനു പിന്നിൽ ദുരൂഹത ആരോപിക്കപ്പെടുന്നു.
എംസി റോഡില്‍ ഏറ്റവും തിരക്കുള്ള രാമന്‍ചിറ ഭാഗത്ത് റോഡിന്റെ വീതി പൂര്‍ണമായും ടാറിംഗ് നടത്താതെ അട്ടിമറിച്ചതിന് പിന്നില്‍ സ്ഥാപിത താത്പര്യങ്ങള്‍ ഉള്ളതായി ആക്ഷേപമുയർന്നു. റോഡ് ഈ ഭാഗത്ത് പൂര്‍ണമായി ടാറിംഗ് നടത്തിയാല്‍ ചില സ്വകാര്യ സ്ഥാപനങ്ങളുടെയും വര്‍ക്ക്ഷോപ്പുകളുടെയും റോഡ് കൈയേറ്റത്തിനെതിരെ നടപടിയെടുക്കേണ്ടിവരും. ഇത്തരക്കാരെ സഹായിക്കുന്നതാണ് കല്യാണ്‍ ജംഗ്ഷന് മുതല്‍ രാമന്‍ചിറ വരെ വീതി കുറച്ച് ടാറിംഗ് നടത്തുന്നതിന് പിന്നിലെന്നാണ് ആക്ഷേപം.
ബൈപാസ് നിർമാണം കഴിയുമ്പോള്‍ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ഭാഗമാണ് രാമന്‍ചിറ. ഇവിടെ ലഭ്യമായ റോഡ് ഭാഗം പരമാവധി ടാറിംഗ് നടത്തി എടുക്കാത്തതില്‍ വ്യാപക ആക്ഷേപമുണ്ട്. ഈ ഭാഗത്തെ വൈദ്യുതി തൂണുകളും ട്രാന്‍സ്ഫോമറുകളും മാറ്റി സ്ഥാപിക്കുന്ന പണികള്‍ ഏകദേശം പൂര്‍ത്തിയായി. എന്നാല്‍ ജല അഥോറിറ്റി മാറ്റിയിട്ട പൈപ്പുകള്‍ നിലവാരം കുറഞ്ഞതാണെന്ന് ആക്ഷേപമുണ്ട്.
റോഡ് റോളര്‍ ഉപയോഗിച്ച് മെറ്റല്‍ ഉറപ്പിക്കുമ്പോള്‍ തന്നെ കല്യാണ്‍ ജംഗ്ഷന് മുതല്‍ രാമന്‍ചിറ വരെയുള്ള ഭാഗത്ത് പല ഭാഗങ്ങളിലും പൈപ്പ് പൊട്ടിയ സംഭവം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം ജല അഥോറിറ്റി ഓഫീസിന് എതിര് ഭാഗത്തായി റോഡ് റോളര്‍ കയറിയ ഭാഗത്ത് പൈപ്പ് പൊട്ടി.