പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: അച്ഛനെയും അമ്മയേയും അമ്മുമ്മയേയും കോവിഡ് മഹാമാരി അപഹരിച്ച ആതിരയ്ക്ക് സാന്ത്വനവും സുരക്ഷയുമായി പിഎംകെ യേഴ്സ്.
കോവിഡ് രോഗബാധിതരായി അച്ഛനും അമ്മയും മരിച്ചു പോയ കുട്ടികൾക്കുള്ള പിഎംകെ യേഴ്സിൽ നിന്നുള്ള ആനുകുല്യം ഉടൻ ലഭിക്കുമെന്ന് അനൗദ്യോഗികമായി വിവരം ലഭിച്ചു. ജില്ലയിൽ മറ്റ് രണ്ട് കുട്ടികൾക്ക് കുടി പ്രധാനമന്ത്രിയുടെ കരുതൽ നിധിയിൽ നിന്നുള്ള സഹായം ലഭിക്കും.
ആതിര എന്ന 10 വയസുകാരിക്ക് പുറമേ കോ വിഡ് ബാധിച്ച് അച്ഛനുമമ്മയും നഷ്ടപ്പെട്ട ഏരൂർ വിളക്കുപാറ സ്വദേശി അൻസിൽ (11), ഉമ്മന്നൂർ നെല്ലിക്കുന്നം ഇളങ്ങളം സ്വദേശി സ്വപ്ന രവി (14) എന്നിവർക്കാണ് പിഎംകെ യേഴ്സിസിൽ നിന്നുള്ള ആനുകൂല്യത്തിന് അർഹതയുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷെർലി പറഞ്ഞു. ഇവരുടെ വിവരങ്ങൾ സാമൂഹികക്ഷേമ വകുപ്പ് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ട്.
ചിറക്കര ഗവ.ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ആതിര പൂതക്കുളം പഞ്ചായത്തിലെ തലക്കുളം ചാലിൽ ലക്ഷം വീട് കോളനിയിലാണ് താമസം. കൂലിപ്പണിക്കാരനായ അച്ഛൻ മുരളീധരൻ കർണാടകത്തിലായിരുന്നു. കോ വിഡ് ബാധിച്ച് 2020 മേയ് ആറിന് അവിടെ വച്ച് മരിച്ചു.
മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുകയായിരുന്നു. അച്ഛൻ മരിച്ച് ഒരു വർഷം തികയുന്നതിന്റെ തലേ ദിവസമായ കഴിഞ്ഞ മേയ് അഞ്ചിന് ആതിരയുടെ അമ്മ അനിതയുടെ ജീവനും കോവിഡ് അപഹരിച്ചു.
പിന്നെ ആതിരയ്ക്ക് ആശ്രയമായിരുന്നത് അനിതയുടെ അമ്മ ചന്ദ്രികയായിരുന്നു. അനിതയുടെ സഞ്ചയന ദിവസമായ മേയ് ഒന്പതിന് കോവിഡ് ബാധിതയായിരുന്ന ചന്ദ്രികയും മരിച്ചു. ഉറ്റവരെല്ലാം നഷ്ടപ്പെട്ട ആതിര ഇപ്പോൾ അനിതയുടെ സഹോദരൻ ബാബുവിന്റെ സംരക്ഷണയിലാണ്.
ഓൺ ലൈൻ പഠനത്തിന് ഫോണോ ടിവിയോ ഈ കുട്ടിക്കില്ലായിരുന്നു. അടുത്തുള്ള വീട്ടുകാരുടെ സഹായത്തിലാണ് ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്നത്. ഈ സാഹചര്യത്തിലാണ് കോവിഡ് ഈ കുട്ടിയ്ക്ക് ഒന്നിന് പിറകെ ഒന്നായി ദുരന്തങ്ങൾ സമ്മാനിച്ചു കൊണ്ടിരുന്നത്.
ആതിരയുടെ ദയനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ട ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ പ്രത്യേക താല്പര്യമെടുത്താണ് പിഎംകെ യേഴ്സിനുള്ള രേഖകൾ തയാറാക്കിയയച്ചത്.
നിരവധി സന്നദ്ധ സംഘടനകൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്നേഹപൂർവം ബാബുഅത്തത്ക്കാലം ഒഴിവാക്കണമെന്ന് അഭ്യർഥിക്കുകയാണ്. മുൻ ഗ്രാമ പഞ്ചായത്തംഗം ജോയിയും സാമൂഹിക സംഘടനകളും എന്ത് സഹായത്തിനുമുണ്ട്.
ബാബുവിനെ രക്ഷാകർത്താവായി അംഗീകരിച്ചു കൊണ്ടുള്ള ഗാർഡിയൻ സർട്ടിഫിക്കറ്റ് കോടതി മുഖാന്തിരം നേടാനും ആതിരയുടെയും ബാബുവിന്റേയും പേരിൽ ബാങ്കിൽ ജോയിന്റ് അക്കൗണ്ട് എടുക്കാനുമുള്ള ശ്രമത്തിലാണെന്ന് മുൻ ഗ്രാമപഞ്ചായത്തംഗം ജോയി പറഞ്ഞു.
പി എംകെ യേഴ്സ് അനുവദിക്കുന്നതോടെ ആ തിരയുടെ വിദ്യാഭ്യാസവും ഭാവിയും സുരക്ഷിതമാകും. 23 വയസ് തികയുമ്പോൾ കേന്ദ്ര സർക്കാർ നിക്ഷേപിക്കുന്ന 10 ലക്ഷം രുപ തിരിച്ചു കിട്ടും.
അത് വ്യക്തിഗത ആവശ്യത്തിനോ വ്യവസായ സംരംഭത്തിനോ ഉപയോഗക്കാം. 18 വയസുവരെ സൗജന്യ പഠനത്തിനുള്ള ഏർപ്പാടുകളാകും 18 വയസുകഴിഞ്ഞാൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള വായ്പ ലഭിക്കും.
ഇതിന്റെ പലിശ പി.എ കൈയേഴ്സിൽ നിന്നടയ്ക്കും. 13 വയസായാൽ ആയുഷ്മാൻ പദ്ധതിയിലുൾപ്പെടുത്തി അഞ്ച് ലക്ഷം രുപയുടെ ഇൻഷുറൻസ് ലഭ്യമാകും.
ഇതിന്റെ പ്രീമിയം പിഎം കെയേഴ്സിൽ നിന്നടയ്ക്കും. തൊട്ടടുത്തുള്ള സൈനിക സ്കൂളിലോ നവോദയ സ്കൂളിലോ പ്രവേശനവും ലഭിക്കും. സംസ്ഥാന സർക്കാരിൻന്റെ ആശ്വാസ സഹായമായി മൂന്നു ലക്ഷം രൂപയും അനുവദിക്കുമെന്ന് പ്രഖ്യാ പനമുണ്ട്.