കടയിൽ കയറി ഭക്ഷണം കഴിച്ചിട്ട് ബില്ല് കൊടുക്കാതെ കടന്നു കളയുന്ന ചില വിരുതൻമാർ നാട്ടിലുണ്ട്. ഒന്നോ രണ്ടോ തവണയൊക്കെ ഇങ്ങനെ കടക്കാരെ പറ്റിച്ച് ഭക്ഷണം കഴിക്കാൻ സാധിക്കും. എന്നാൽ അതിൽ കൂടുതൽ തവണയൊക്കെ എങ്ങനെയാണ് മറ്റുള്ളവനെ പറ്റിച്ച് കഴിക്കാൻ സാധിക്കുക. എന്നാൽ ഇതൊക്കെ നിസാരമെന്ന് പറയുകയാണ് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ്.
റെഡിറ്റിലാണ് ഇതിനെ കുറിച്ച് യുവാവ് പറഞ്ഞിരിക്കുന്നത്. മക്ഡൊണാൾഡ്സിൽ നിന്ന് താനും തന്റെ കൂട്ടുകാരും ഒരു കൊല്ലമാണ് ഫ്രീ ആയി ഫുഡ് അടിച്ചതെന്നാണ് പോസ്റ്റിൽ യുവാവ് പറഞ്ഞിരിക്കുന്നത്.
മക്ഡൊണാൾഡ്സിൽ ജോലി ചെയ്യുന്ന മറ്റൊരു സുഹൃത്ത് വഴിയാണ് ഭക്ഷണം ഓസിന് കഴിക്കാനുള്ള അവസരം ഉണ്ടായത്. ഇക്കൊല്ലത്തിനിടയിൽ ഒരിക്കൽ പോലും താനോ തന്റെ കൂട്ടുകാരോ പിടിക്കപ്പെട്ടില്ലന്നും ഇയാൾ പറയുന്നു. പണം കൊടുക്കാതെ ഇതുപോലെ ഭക്ഷണം കഴിക്കുന്നതിൽ ഒരിക്കൽ പോലും തങ്ങൾക്ക് കുറ്റബോധം ഉണ്ടായിട്ടില്ലന്നും ഇയാൾ പറയുന്നു.
ചിലപ്പോൾ അഞ്ച് പേരുടെ ഒരു സംഘം പോലും സൃജന്യമായി ഭക്ഷണം കഴിച്ചിട്ടുണ്ട് എന്നും പോസ്റ്റിൽ പറയുന്നു. ഇതിനെ കുറിച്ച് ഓർക്കുന്പോൾ പലപ്പോഴും ചിരിയാണ് വരുന്നത്. ചെയ്യുന്നത് തെറ്റാണോ എന്നൊന്നും ഓർത്തിട്ട് കൂടിയില്ലന്നും ഇയാൾ കൂട്ടിച്ചേർത്തു.
എന്തായാലും യുവാവിന്റെ പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ഇങ്ങനെ വല്ലവനേയും പറ്റിച്ച് ജീവിച്ചാൽ ഒരിക്കൽ ഇതിന്റെയൊക്കെ ഇരട്ടി പണം കൈയിൽ നിന്ന് പോകുമെന്നാണ് മിക്കവരും പറഞ്ഞത്. പ്രായത്തിന്റെ ചാഞ്ചാട്ടത്തിൽ ചെയ്യുന്നതാണ് ഇതൊക്കെയെന്ന് കമന്റ് ചെയ്തവരും കുറവല്ല. എന്തായാലും ഭൂരിഭാഗം ആളുകളും യുവാവിനെ വിമർശിക്കുകയായിരുന്നു.