മക്ഡൊണാൾഡ്സിനെതിരേ പരാതിയുമായി ഒരു 33 -കാരൻ. ബില്ലിംഗിൽ തെറ്റ് പറ്റിയതിനെ തുടർന്നാണ് യുവാവ് പരാതിയുമായി കോടതിയെ സമീപിച്ചത്. ബംഗളൂരുവിലെ ലിഡോ മാളിലെ മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റിലാണ് സംഭവം. തനിക്ക് മക്ഡൊണാൾഡ്സ് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് യുവാവ് രംഗത്തെത്തിയത്.
യുവാവ് ഫ്രഞ്ച് ഫ്രൈസ് ആണ് കഴിക്കാനായി ഓർഡർ ചെയ്തത്. എന്നാൽ ബില്ലടിച്ചപ്പോൾ ചിക്കൻ ബർഗറിനാണ് ബില്ല് വന്നത്. വെജിറ്റേറിയനായ തനിക്ക് ബില്ലിൽ ചിക്കൻ ബർഗർ എന്ന് കണ്ടത് മാനസികപ്രയാസമുണ്ടാക്കി എന്നും അതിനാൽ രണ്ട് കോടി രൂപ നഷ്ടപരിഹാരം വേണം എന്നും പറഞ്ഞാണ് യുവാവ് പരാതി നൽകിയത്.
ബില്ലിൽ ഓർഡർ ചെയ്ത ഐറ്റം മാറിയത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ മക്ഡൊണാൾഡ്സ് തെറ്റ് തിരുത്തുകയും ഖേദം പ്രകടിപ്പിക്കുകയും നഷ്ടപരിഹാരം എന്ന നിലയിൽ 100 രൂപ നൽകാൻ തയ്യാറാവുകയും ചെയ്തു. എന്നിട്ടും അത് ക്ഷമിക്കാൻ തയാറാകാതെയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.