കാസര്‍ഗോഡ്: സർക്കാർ പൂർണമായും കൈയൊഴിഞ്ഞ് കാസർഗോഡ് ഗവ. മെഡിക്കല്‍ കോളജ് . 28 ഡോക്ടര്‍മാരും 29 നഴ്സുമാരുമുള്‍പ്പെടെ 84 പേരുമായാണ് കോവിഡ് കാലത്ത് ഉക്കിനടുക്കയിലെ ഗവ. മെഡിക്കല്‍ കോളജ് പ്രവര്‍ത്തനമാരംഭിച്ചത്. മൂന്ന് റേഡിയോഗ്രാഫര്‍, നാല് നഴ്സിംഗ് അസിസ്റ്റന്റ്, ഒരു ലാബ് ടെക്നീഷ്യന്, ജൂണിയര്‍ സൂപ്രണ്ട് തസ്തികകളിലും ആളെ നിയമിച്ച് ചാര്‍ജെടുത്തിരുന്നു.
കോവിഡിന്റെ തിരക്കൊഴിഞ്ഞതോടെ അടിയന്തര നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പേരു പറഞ്ഞ് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം തത്കാലം അവസാനിപ്പിച്ചു. പ്രവൃത്തി കഴിഞ്ഞാലുടന്‍ ഒപി വിഭാഗമെങ്കിലും വീണ്ടും തുറക്കുമെന്നായിരുന്നു അന്നത്തെ വാഗ്ദാനം.
ഒരു പിഎച്ച്സിയുടെ സേവനമെങ്കിലും മെഡിക്കല്‍ കോളജില്‍ നിന്നും ലഭ്യമാകുമെന്നു കരുതി നാട്ടുകാരും കാത്തിരുന്നു. ഒപി സേവനങ്ങള്‍ ഡിസംബര്‍ ആദ്യവാരത്തില്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രിയുടെ ജില്ലാ സന്ദര്‍ശനവേളയിലും ഉറപ്പുനല്‍കിയിരുന്നു. ഡിസംബര്‍ ഏതാണ്ട് പകുതിയാകാറായിട്ടും ഇതുവരെ ഒന്നും സംഭവിച്ചില്ല.
ഒന്നും സംഭവിച്ചില്ലെന്ന് പറയാന്‍ വരട്ടെ. നിയമിക്കപ്പെട്ട ജീവനക്കാരില്‍ നല്ലൊരു വിഭാഗം ഇതിനിടെ സ്വന്തം താത്പര്യപ്രകാരവും സര്‍ക്കാര്‍ ഉത്തരവ് പ്രകാരവും സ്ഥലംമാറിപ്പോയിരുന്നു. കഴിഞ്ഞമാസം 27 ന് 11 സെക്കന്‍ഡ് ഗ്രേഡ് സ്റ്റാഫ് നഴ്സുമാരെ ഇടുക്കിയിലെ പുതിയ മെഡിക്കല്‍ കോളജിലേക്ക് സ്ഥലംമാറ്റി.
കഴിഞ്ഞ എട്ടിന് രണ്ട് ഹെഡ്നഴ്സുമാര്‍ ഉള്‍പ്പെടെ 17 നഴ്സുമാരെ കൊല്ലത്തെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രണ്ട് ഡോക്ടര്‍മാരെ കണ്ണൂരിലേക്കും ഒരാളെ കൊല്ലത്തേക്കും മാറ്റി. ലാബ് ടെക്നീഷ്യനെ കോന്നിയിലേക്കും ഒരു റേഡിയോഗ്രാഫറെ ഇടുക്കിയിലേക്കും മറ്റേയാളെ തൃശൂരിലേക്കും മാറ്റി.
ഇനി ബാക്കിയുള്ളത് 13 ഡോക്ടര്‍മാര്‍, ഒരു ഹെഡ് നഴ്സ്, രണ്ട് നഴ്സുമാര്‍. ഡോക്ടര്‍മാര്‍ക്കുള്ള സ്ഥലംമാറ്റ ഉത്തരവ് തയാറായി വരുന്നുണ്ടെന്നാണ് വിവരം. ഇവരെയും കോന്നി, കൊല്ലം, ഇടുക്കി എന്നിവിടങ്ങളിലേക്ക് മാറ്റാനാണ് നീക്കം. ഇവിടെയെല്ലാം താമസിയാതെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സംഘം പരിശോധനയ്ക്കെത്താന്‍ പോവുകയാണ്.
ആവശ്യത്തിന് സ്റ്റാഫില്ലെന്നു കണ്ടാല്‍ അത് അംഗീകാരത്തെ വരെ ബാധിച്ചേക്കാം. അതുകൊണ്ടാണ് പരമാവധി ജീവനക്കാരെ അവിടങ്ങളിലേക്ക് മാറ്റുന്നത്. ഉക്കിനടുക്കയില്‍ ഒരു മെഡിക്കല്‍ കോളജ് ഉണ്ടെന്ന് സര്‍ക്കാര്‍ കാസര്‍ഗോട്ടുകാരെ പറ്റിക്കാന്‍ പറയുന്നതല്ലാതെ അത് മെഡിക്കല്‍ കൗണ്‍സിലിന്റെ കണക്കിലൊന്നും പെടാത്തതുകൊണ്ട് ഇവിടേക്ക് ആരും പരിശോധനയ്ക്കും വരില്ല.
കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ ഒപി തുടങ്ങുമ്പോള്‍ തിരിച്ചുവരണമെന്ന് ചിലരുടെയൊക്കെ സ്ഥലംമാറ്റ ഉത്തരവില്‍ പറയുന്നുണ്ട്. എന്തായാലും അവിടുത്തെ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന കഴിഞ്ഞേ ഇനി ഇവിടെ ഒപി തുടങ്ങുകയുള്ളൂവെന്ന് അതില്‍നിന്നുതന്നെ വ്യക്തമായി.
സ്വന്തം നാട്ടിലും അടുത്തുമുള്ള സ്ഥലങ്ങളിലേക്ക് മാറ്റം ലഭിച്ചവരില്‍ എത്രപേര്‍ ഇനി തിരിച്ചുവരുമെന്ന് കണ്ടറിയണം. മറ്റു ജില്ലകളിലെ മെഡിക്കല്‍ കോളജുകളില്‍ നിന്നും അപേക്ഷ നല്കി ഇങ്ങോട്ടുവന്ന കാസര്‍ഗോട്ടുകാരായ ജീവനക്കാരെയും സ്ഥലംമാറ്റിയിട്ടുണ്ട്. എന്നെങ്കിലും ഒപി തുടങ്ങുമ്പോള്‍ അവരെങ്കിലും തിരിച്ചുവരുമെന്നാണ് പ്രതീക്ഷ.
ഒപി തുടങ്ങുന്നതോടെ രോഗികള്‍ക്ക് സൗജന്യമായി നല്‍കുന്നതിനുള്ള മരുന്നെത്തിക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനുമായി ധാരണയുണ്ടാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും അതിന്റെ നടപടിക്രമങ്ങളും എങ്ങുമെത്തിയിട്ടില്ല. അടുത്ത കാലത്തൊന്നും ഒപി തുടങ്ങാനിടയില്ലെന്ന രീതിയിലാണ് ഇക്കാര്യത്തിലും നടപടിക്രമങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നത്.