ഗാന്ധിനഗർ: കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലും കരൾമാറ്റ ശസ്ത്രക്രിയ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.
കോട്ടയം മെഡിക്കൽ കോളജിൽ ആദ്യ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായ യുവാവിനെ ഡിസ്ചാർജ് ചെയ്തു സമ്മറി നൽകിയശേഷം പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ ആദ്യ കരൾമാറ്റ ശസ്ത്രക്രിയ വിജയമായിരുന്നുവെന്നും അതിന് നേതൃത്വം നൽകിയ മെഡിക്കൽ സംഘത്തിനെയും ആശുപത്രി അധികൃതരെയും മന്ത്രി അഭിനന്ദിച്ചു.
ഒറ്റ മനസോടെ ഒരു ടീമായി പ്രവർത്തിച്ചതിനാലാണ് ഇത് വിജയിപ്പിക്കാൻ കഴിഞ്ഞതെന്നും കോട്ടയം മെഡിക്കൽ കോളജിന്റെ ചികിത്സകളിലുള്ള വിജയം പ്രശംസാർഹമാണെന്നും അതിനാൽ വികസന പ്രവർത്തന കാര്യത്തിൽ കോട്ടയത്തിന് മുൻഗണന നൽകുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
തൃശൂർ വേലൂർ വട്ടേക്കാട്ടിൽ സുബീഷ് (40) ആണ് കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയമായത്. ഭാര്യ പ്രവീജ ആയിരുന്നു ദാതാവ്. കഴിഞ്ഞ 14നായിരുന്നു 12 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ നടത്തിയത്. കോളജ് പ്രിൻസിപ്പൽ ഡോ. കെ.പി. ജയകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, ആർഎംഒ ഡോ. ആർ.പി. രഞ്ചിൻ, ശസ്ത്രക്രിയാ മേധാവി ഡോ സിന്ധു, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ആർ. രതീഷ് കുമാർ, ഡോ. രാജേഷ്, നഴ്സിംഗ് ഓഫീസർ സുജാത, ദാതാവ് പ്രവിജ എന്നിവരുമുണ്ടായിരുന്നു.
ശസ്ത്രത്രക്രിയയ്ക്കുശേഷം 19 ദിവസംകൊണ്ട് സുബീഷിന്റ ആരോഗ്യനില സാധാരണ നിലയിലേക്ക് എത്തിയതോടെയാണ് സുബീഷിനെ ഡിസ്ചാർജ് ചെയ്തത്. ശസ്ത്രക്രിയയ്ക്കുശേഷം ഹൃദയ ശസ്ത്രക്രിയ ഐസിയുവിലും തുടർന്ന് ഗ്യാസ് ട്രോ സർജറി പരിചരണ വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തിലുമായിരുന്നു ഇദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്. കഴിഞ്ഞദിവസം പ്രവിജയെ ഡിസ്ചാർജ് ചെയ്തിരുന്നു.