ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കാൻസർ വാർഡിനു മുന്നിലെ വിശ്രമകേന്ദ്രത്തിൽ ഉപയോഗശൂന്യമായ കട്ടിലുകൾ കൂട്ടിയിട്ടിരിക്കുന്നതിനാൽ രോഗികളും കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടുന്നു.
തീർത്തും അവശരായ രോഗികളാണ് ഇവിടെ ചികിത്സ തേടിയും കീമോ, റേഡിയേഷൻ എന്നിവയ്ക്കായും എത്തുന്നത്. ഇവർ വിശ്രമിക്കുന്നതിനുള്ള സ്ഥലത്താണ് വിവിധ വാർഡുകളിൽ നിന്നുള്ള ഉപയോഗശൂന്യമായ കട്ടിലുകൾ കൂട്ടിയിട്ടിരിക്കുന്നത്.
ഇത് നീക്കം ചെയ്ത് രോഗികൾക്കും കൂടെയെത്തുന്നവർക്കും വിശ്രമത്തിന് സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
കാൻസർ ചികിത്സാ വിഭാഗത്തിൽ രോഗികളുമായി എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു സംബന്ധിച്ച് ഇന്നലെ സുരക്ഷാ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരുമായി തർക്കമുണ്ടായിരുന്നു.
സുരക്ഷാ ജീവനക്കാരൻ അനധികൃത മേഖലയിൽ വാഹനം പാർക്ക് ചെയ്തുവെന്ന് പറഞ്ഞ വാഹനങ്ങളുടെ ഫോട്ടോ മൊബൈലിൽ പകർത്തിയതാണ് തർക്കം രൂക്ഷമാകാൻ കാരണം.
രോഗികളുമായി എത്തുന്ന വാഹനങ്ങൾ കാൻസർ വാർഡിന്റെ സമീപത്ത് നിർത്തിയിടാൻ പാടില്ലെന്നും വാഹനങ്ങൾ പാർക്കിംഗ് മൈതാനത്ത് ഇടണമെന്നും സുരക്ഷാ ജീവനക്കാർ ആവശ്യപ്പെട്ടു.
രോഗികൾക്ക് ഒപിക്ക് പുറത്ത് ഇരിക്കാനുള്ളള സൗകര്യമില്ലാത്തതിനാലാണ് അവശരായ രോഗികളുമായി എത്തുന്ന വാഹനങ്ങൾ ഇവിടെ നിർത്തുന്നതെന്നു രോഗികളുടെ കൂടെയെത്തിയവർ പറഞ്ഞു.
രാവിലെ 8.30 നാണ് കാൻസർ ഒപി വിഭാഗം തുറക്കുന്നത്. അതിനു മണിക്കൂറുകൾക്കു മുന്പേ രോഗികളുമായുള്ള വാഹനങ്ങൾ എത്തും.
അവശരായ രോഗികൾക്ക് ഇരിക്കുവാനോ വിശ്രമിക്കുവാനോ സ്ഥല സൗകര്യങ്ങമില്ലാത്തതിനാലാണ് വാഹനങ്ങളിൽ തന്നെ വിശ്രമിക്കുന്നതെന്ന് രോഗികളും പറയുന്നു.
ഒപി തുറക്കുന്ന സമയത്ത് സമയം രോഗികൾ കാൻസർ വിഭാഗത്തിലേക്ക്് പ്രവേശിച്ച ശേഷം വാഹനങ്ങൾ പാർക്കിംഗ് മൈതാനത്തേക്ക് മാറ്റാമെന്ന് രോഗികളുടെ കൂട്ടിരിപ്പുകാർ പറഞ്ഞങ്കിലും സുരക്ഷാ ജീവനക്കാരൻ സമ്മതിച്ചില്ല.
തുടർന്ന് ഇദ്ദേഹം വാഹനങ്ങളുടെ ഫോട്ടോ മൊബൈലിൽ പകർത്തിയശേഷം അനധികൃത പാർക്കിംഗിന് പോലീസിൽ പരാതി നൽകുമെന്നും പറഞ്ഞു.
ഇതാണ് തർക്കത്തിന് കാരണമായത്. പിന്നീട് മറ്റു സുരക്ഷാ ജീവനക്കാരെത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു.