കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളെ സന്ദര്‍ശിക്കാനെത്തിയവര്‍ക്ക് പാസ് നല്‍കേണ്ട കൗണ്ടറില്‍ ജീവനക്കാരെത്തിയില്ല.
പാസ് ലഭിക്കാതെ വാര്‍ഡിലേക്കു പ്രവേശിപ്പിക്കില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍. ഇതേത്തുടർന്ന് സന്ദര്‍ശനത്തിന് എത്തിയവരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ രൂക്ഷമായ വാക്കുതര്‍ക്കവും ബഹളവുമുണ്ടായി.
ഇന്നലെ രാത്രി ഏഴിനു ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വാര്‍ഡുകളിലേക്കുള്ള പ്രവേശന കവാടത്തിലായിരുന്നു ബഹളം. രാത്രി ഏഴു മുതല്‍ എട്ടു വരെ 50 രൂപയാണ് സന്ദര്‍ശന ഫീസ്. ഏഴിന് എത്തിയ സന്ദര്‍ശകര്‍ പാസ് എടുക്കുന്നതിന് കൗണ്ടറിന് മുന്നില്‍ ക്യൂ നിന്നു.
അധികനേരം നിന്നിട്ടും കൗണ്ടര്‍ തുറന്നില്ല.സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചപ്പോഴാണ് പാസ് നല്‍കേണ്ട കൗണ്ടര്‍ തുറന്നിട്ടില്ലെന്നു മനസിലാക്കുന്നത്.
ഇതിനിടയില്‍ സന്ദര്‍ശനത്തിന് വന്നവര്‍ പാസില്ലാതെ അകത്തേയ്ക്ക് പ്രവേശിപ്പിക്കണമെന്ന് പറഞ്ഞെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തയാറായില്ല.
ഇതുരൂക്ഷമായ തര്‍ക്കത്തിനും ബഹളത്തിനും കാരണമായി. ജീവനക്കാര്‍ക്കുള്ള ഡ്യൂട്ടി നിശ്ചയിക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരവീഴ്ചയാണ് സംഭവത്തിനു കാരണം.