ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിലെ നിരോധന മേഖലയിൽ വാഹനം പാർക്ക് ചെയ്തവർക്കെതിരെ നടപടി സ്വീകരിച്ചു.
നിരവധി ജൂണിയർ ഡോക്ടർമാർ, ഓട്ടോറിക്ഷ ഡ്രൈവർമാർ എന്നിവർക്കാണ് ആശുപത്രി അധികൃതരുടെ നിർദ്ദേശപ്രകാരം പോലീസ് നടപടിയെടുത്തത്.
രണ്ട്, മൂന്ന്, നാല് വാർഡുകളുടെ ഇപ്പോഴത്തെ പ്രവേശന കവാടത്തിനു സമീപം പാർക്ക് ചെയ്ത വാഹന ഡ്രൈവർമാർക്കെതിരെയാണ് നടപടി. വാർഡിലേക്കുള്ള പ്രവേശന കവാടത്തിലേക്കുള്ള വഴിയിൽ ടൈൽസ് പാകിയിരിക്കുകയാണ്.
അതിനാൽ ഇവിടെ വാഹനം പാർക്ക് ചെയ്യരുതെന്ന് ബോർഡ് സ്ഥാപിച്ചിരുന്നു.സ്ഥാപിച്ചിരുന്ന ബോർഡ് കാണാത്ത വിധത്തിലാണ് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്.
നിരോധന മേഖലയിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് പലതവണ ജൂണിയർ ഡോക്ടർമാരടക്കം എല്ലാവരോടും പറയുകയും നിരവധി തവണ താക്കീത് നൽകുകയും ചെയ്തിരുന്നു.
എന്നിട്ടും പ്രയോജനം ലഭിക്കാതിരുന്നതുകൊണ്ടാണ് പോലീസിന് വിവരം നൽകുകയും അവർ നടപടി സ്വീകരിക്കുകയും ചെയ്തതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
20 വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരെയാണ് പെറ്റികേസ് ചാർജ്ജ് ചെയ്തത്.