കോഴിക്കോട്: വാഹനപരിശോധനയുടെ പേരില്‍ ഏജന്റിനെ നിയോഗിച്ച് പിരിവ് നടത്തുന്നതായി കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ അഴിമതി നടക്കുന്നതായും വിജിലന്‍സ് വിഭാഗം കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ട് തുടര്‍ അന്വേഷണം നടത്താനാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ തീരുമാനം. കോഴിക്കോട്ടെ മുതിര്‍ന്ന ഉദേ്യാഗസ്ഥന് പണപിരിവ് സ്ഥിരം ഏര്‍പ്പാടാണെന്നും വാഹന എജന്റുമാരുമായി അടുത്ത ബന്ധമാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഓഫീസിന് സമീപത്തു കറങ്ങുന്ന ഇടനിലക്കാരാണ് രേഖകളുടെ സൂക്ഷിപ്പുകാര്‍. നിശ്ചിതസമയത്ത് എത്തി അത് കൈപറ്റാനാണ് ആവശ്യക്കാരോട് പറയുന്നത്.
മോട്ടോര്‍ വാഹന വകുപ്പിന് കീഴിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലും ഡ്രൈവിംഗ്ടെസ്റ്റ്, വാഹനരേഖ പുതുക്കല്‍ ഉള്‍പ്പെടെ സേവനം നടത്തുന്ന വിഭാഗത്തിലും വന്‍ അഴിമതി നടക്കുന്നുണ്ടെന്ന ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കോഴിക്കോട് റെയ്ഡ് നടന്നത്.
ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ മേലുദ്യോഗസ്ഥര്‍ നിരീക്ഷിച്ചുവരികയായിരുന്നു. ഇപ്പോഴും ഇടനിലക്കാര്‍ സജീവമാണെന്നാണ് പരിശോധനയില്‍ വ്യക്തമായത്.
പണത്തിന് പുറമെ, ഉദ്യോഗസ്ഥര്‍ ഇടനിലക്കാരെ ഉപയോഗിച്ച് ഇടപാട് നടത്തുന്നതിന്റെ രേഖകളും വിജിലന്‍സ് കണ്ടെടുത്തു.
ഏറ്റവും ആധുനികസജ്ജീകരണങ്ങളോടെ ലൈസന്‍സ് നല്‍കലും പുതുക്കലുമെല്ലാം നടക്കുമ്പോഴും അഴിമതിക്കു കുറവില്ലെന്നതിന്റെ ഞെട്ടലാണ് സാധാരണക്കാര്‍ക്ക്.
1.59 ലക്ഷം രൂപയും 145 രേഖകളുമാണ് പിടിച്ചെടുത്തത്.കോഴിക്കോട് ചേവായൂര്‍ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇടനിലക്കാരെ നിയോഗിച്ച് ഉദ്യോഗസ്ഥര്‍ നടത്തുന്ന കൈക്കൂലി ഇടപാട് പുറത്തുവന്നത്.
ആര്‍ടിഒ ഒപ്പിട്ട രേഖകള്‍ തൊട്ടടുത്ത കടക്കാര് വഴി വിതരണം ചെയ്യുന്നതായുള്ള രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ആര്. ശ്രീജിത്ത് മിന്നല്‍ പരിശോധനയ്ക്ക് എത്തിയത്.
കോഴിക്കോട് വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തില്‍ വിജലിന്‍സ് സംഘവും ഒപ്പമുണ്ടായിരുന്നു.
ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന്റെ തൊട്ടടുത്ത കടയില്‍ നിന്നാണ് തുകയും രേഖകളും പിടികൂടിയത്. പിടിച്ചെടുത്ത 145 രേഖകളില്‍ 21 എണ്ണത്തില്‍ ഉദ്യോഗസ്ഥര്‍ ഒപ്പിട്ടിരുന്നു.
ഒപ്പിട്ട രേഖകള്‍ ഓഫീസിലാണ് സൂക്ഷിക്കേണ്ടത്. ഇവ ഏജന്റുമാര്‍ മുഖേന വിതരണം ചെയ്യുന്നതിനുള്ളതാണെന്നാണ് സംശയിക്കുന്നത്.