പത്തനംതിട്ട: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കുട്ടിക്ക് ഓപ്പറേഷന് വൈകിയ സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
കൈവിരലുകള്‍ കതകില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ മൂന്നു വയസുകാരന് ഓപ്പറേഷന് നടത്താന്‍ 36 മണിക്കൂര്‍ വൈകിയ സംഭവം വിവാദമായിരുന്നു.
ഓപ്പറേഷന് മുമ്പ് കുട്ടിക്ക് ഭക്ഷണം നല്‍കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനാല്‍ മുറിവിന്റെ വേദനയ്ക്കൊപ്പം കുട്ടിക്ക് പട്ടിണി കിടക്കേണ്ടി വന്നതും രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
അപകടത്തില്‍ പെടുന്നവര്‍ക്കും ഹൃദയാഘാതം സംഭവിച്ച് എത്തുന്നവര്‍ക്കും ഉള്‍പ്പടെ ഒരു തടസവുമില്ലാതെ ഓപ്പറേഷന് തിയേറ്ററിലെത്തുന്നതിന് വേണ്ട സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ആശുപത്രിയിലേക്ക് വരുന്ന ഒരാള്‍ക്ക് എത്രയും പെട്ടെന്ന് ചികിത്സ ലഭിക്കണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സമൂഹമാധ്യമങ്ങളിലൂടെ സംഭവം ശ്രദ്ധയില്‍പെട്ടതെന്ന് മന്ത്രി പറഞ്ഞു.
ഉടന്‍ തന്നെ ബന്ധപ്പെട്ടവരോട് വിശദീകരണം ചോദിച്ചിരുന്നതായും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.