മെഡിക്കൽ കോളജ് : തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിർമാണം പൂർത്തീകരിച്ച ഫ്ലൈ ഓവറിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. ഒരാഴ്ച മുമ്പാണ് സംഭവമെങ്കിലും ഇപ്പോഴാണ് വിവരം പുറത്തറിയുന്നത്.
18 കോടിയോളം രൂപ മുടക്കി ശ്രീചിത്രയിൽ നിന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് നീളുന്ന 350 മീറ്റർ വരുന്ന ഫ്ലൈ ഓവറിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്.
അതേസമയം അധികൃതർ ഇക്കാര്യം രഹസ്യമാക്കി വയ്ക്കുകയായിരുന്നു.അടുത്ത് തന്നെ ഉദ്ഘാടനം നടത്താനിരിക്കെയാണ് ഫ്ലൈഓവറിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണത്.
ഇരുചെവി അറിയാതെ ഇടിഞ്ഞുവീണ ഭാഗം കരാറുകാർ രഹസ്യമായി നീക്കം ചെയ്തതായി ആരോപണമുണ്ട്. ബലക്ഷയം ഉള്ള ഭാഗത്ത് മണ്ണും മറ്റും നിരത്തിയാണ് നേരെ ആക്കിയിരിക്കുന്നത്.
പാലം പൂർണമായി പരിശോധിച്ചശേഷം എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് കണ്ടെത്തണമെന്ന നാട്ടുകാർ ആവശ്യപ്പെട്ടു. പാലത്തിന് ബലക്ഷയം ഒന്നുമില്ലെന്നും പ്രചാരണം അടിസ്ഥാന രഹിതമാണെന്നുമാണ് മെഡിക്കൽ കോളജ് അധികൃതരുടെ വിശദീകരണം.
പാലത്തിന്റെ മുഴുവൻ ഭാഗവും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അഴിമതി പുറത്തുകൊണ്ടുവരണമെന്നും ഉദ്ഘാടനത്തിന് മുമ്പ് പൂർണതോതിൽ പാലം സജ്ജീകരിക്കണമെന്നുമാണ് ഇപ്പോഴത്തെ ആവശ്യം.
മെഡിക്കൽ കോളജ് ക്യാമ്പസിൽ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി നിർമിച്ച പുതിയ പാലം പൊളിഞ്ഞെന്നത് വ്യാജ പ്രചാരണമെന്ന് ആശുപത്രി അധികൃതർ. ശ്രീചിത്രയ്ക്കു സമീപം പാലം വന്നുചേരുന്ന സ്ഥലത്തിന് തൊട്ടടുത്തായി നിലവിലുള്ള റോഡിൽ വെള്ളക്കെട്ട് ശ്രദ്ധയിൽ പെട്ടിരുന്നു.
മഴക്കാലമായതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ കെട്ടിനിൽക്കുന്ന വെള്ളം വഴിയാത്രക്കാരുടെ മേൽ തെറിക്കാനുള്ള സാധ്യതയുണ്ടായിരുന്നു.
ഇതു മുന്നിൽ കണ്ട് വെള്ളം ഒഴുകിപ്പോകുന്നതിന് റോഡിൽ സംവിധാനമൊരുക്കുന്നതാണ് പാലം പൊളിഞ്ഞെന്ന വ്യാജ പ്രചരണത്തിലെത്തിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
ഫ്ലൈഓവർ ഇടിഞ്ഞുതാഴ്ന്ന സംഭവം;റീത്ത് വച്ച് പ്രതിഷേധിച്ചു
മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫ്ലൈഓവർ ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിച്ചു.
മാസ്റ്റർ പ്ലാനിന്റെ ഭാഗമായി പുതുതായി പണികഴിപ്പിച്ച 365 മീറ്റർ മേൽപ്പാലം 13 കോടി രൂപ ചെലവഴിച്ച് നിർമിച്ചതാണ്.
മെഡിക്കൽ കോളജ് ഫ്ലൈഓവർ ഇടിഞ്ഞു താഴ്ന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിക്കുന്നു.
ശ്രീചിത്ര, എസ്എടി ആശുപത്രിയുടെ മുന്നിൽ നിന്ന് ആരംഭിക്കുന്ന ഭാഗം മൂന്നു മീറ്റർ നീളത്തിൽ കഴിഞ്ഞദിവസം ഇടിഞ്ഞ് താഴ്ന്നത് നിർമാണത്തിലെ അപാകതയാണെന്നും വിജിലൻസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കെപിസിസി ജനറൽ സെക്രട്ടറി ജി.എസ്. ബാബു ഉദ്ഘാടനം ചെയ്തു. ഉള്ളൂർ മുരളി, മുൻ കൗൺസിലർമാരായ ജി.എസ്. ശ്രീകുമാർ, അലത്ത്റ അനിൽ, നജീവ് ബഷീർ, കടകംപള്ളി അജിത്ത്, കൃഷ്ണ പ്രസാദ്, സോളമൻ, ഷൈജു പാൽക്കുളങ്ങര, സുരേഷ് എന്നിവർ നേതൃത്വം നൽകി.