ചെറുതോണി: തൊണ്ണൂറ് കഴിഞ്ഞ മണിയൻനായരും മകൻ അജിത് നായരും ( 56) പടമുഖം സ്നേഹമന്ദിരത്തിൽ അഭയം തേടിയെത്തി.
ജീവിതം വഴിമുട്ടിയതോടെ ഇവർ തിരുവനന്തപുരം മുതൽ പലയിടങ്ങളിലും അഭയം തേടിയെങ്കിലും ഇടം കിട്ടാതെ വന്നപ്പോൾ ഇടുക്കിയിലെ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ സഹായത്തോടെ പടമുഖം സ്നേഹമന്ദിരത്തിലെത്തുകയായിരുന്നു.
ഇടത് കണ്ണിനു കാഴ്ചയും ഇടത് ചെവിക്ക് കേൾവിയും പൂർണമായും നഷ്ടപ്പെട്ട് ഇടതു കാലിനു നീരു വന്നു നടക്കാൻ ഏറെ ബുദ്ധിമുട്ടുള്ള അവസ്ഥയിലാണ് മണിയൻ നായർ.
ഇദ്ദേഹത്തിന്റ ഭാര്യ വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു. മകൻ അജിത്തിന് നല്ലൊരു ജോലി ഉണ്ടായിരുന്നു. വാഹനാപകടത്തിൽ നട്ടെല്ലിനു ക്ഷതം സംഭവിച്ചതിനെത്തുടർന്ന് ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു.
അജിത്ത് സ്വന്തമായി സമ്പാദിച്ച വീടും സ്വത്തുക്കളും ഭാര്യയുടെ പേരിൽ ആയിരുന്നു. പ്രായം ചെന്ന ഭർത്തൃപിതാവിനെയും രോഗിയായ ഭർത്താവിനെയും സംരക്ഷിക്കാനുള്ള ബുദ്ധിമുട്ട് ഭാര്യ പ്രകടിപ്പിച്ചു.
പിതാവിനെ ഉപേക്ഷിച്ചാൽ ഭർത്താവായ അജിത്തിനെ സംരക്ഷിക്കാമെന്ന ഭാര്യയുടെ വ്യവസ്ഥ അംഗീകരിക്കാൻ ഇയാൾ തയ്യാറായില്ല.
ഇരുവരെയും സംരക്ഷിക്കാൻ ഭാര്യക്ക് താത്പര്യമില്ലെന്ന് വ്യക്തമായതോടെ അജിത്ത് പിതാവിനെയും കൂട്ടി വീട് വിട്ട് ഇറങ്ങുകയായിരുന്നു.
സ്നേഹമന്ദിരം തനിക്കും പിതാവിനും ഭവനമായി കിട്ടിയതിൽ ഏറെ സന്തുഷ്ടരാണെന്ന് അജിത്ത് പറയുന്നു.
ഇവിടെ 350 ൽ പരം ആളുകളോടൊപ്പം ഓണം ആഘോഷിക്കുകയാണ് മണിയൻ നായരും മകൻ അജിത് നായരും.