തൃശൂർ: മൈ ക്ലബ് ട്രേഡ്സ് (എംസിടി) എന്ന ഓൺലൈൻ ആപ്പ് വഴി ജില്ലയിൽ അഞ്ചുകോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിലെ മുഖ്യപ്രതി ചേറ്റുപുഴ കണ്ണപുരം സ്വദേശി വെള്ളാട്ട് വീട്ടിൽ പ്രവീൺ മോഹൻ(46) അറസ്റ്റിലായി. എംസിടി ഓൺലൈൻ തട്ടിപ്പിന്റെ മുഖ്യസൂത്രധാരനും പ്രമോട്ടറും നിയമോപദേശകനുമായിരുന്നു. കേരളത്തിലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്.
2021 മുതൽ ഇയാൾക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ജാമ്യം ലഭിക്കാൻ ജില്ലാ സെഷൻസ് കോടതി, കേരള ഹൈക്കോടതി എന്നിവിടങ്ങളിൽ നൽകിയ ജാമ്യഹർജി തള്ളിയിരുന്നു. തുടർന്ന് ഇയാൾ സുപ്രീം കോടതിയിൽ നൽകിയ ജാമ്യഹർജിയും തള്ളിയതോടെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
എംസിടി എന്ന മൊബൈൽ ആപ്ലിക്കേഷൻ ആളുകളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തുകൊടുത്ത് 256 ദിവസംകൊണ്ടു നിക്ഷേപിച്ച പണം ഇരട്ടിയായി തിരികെനൽകാമെന്നു പറഞ്ഞ് ആളുകളിൽനിന്നു പണം നേരിട്ടുസ്വീകരിച്ചാണു തട്ടിപ്പു നടത്തിയിരുന്നത്. എംസിടിയിൽ പണം നിക്ഷേപിക്കുമ്പോൾ ആളുകളുടെ മൊബൈൽ ഫോണിൽ പണത്തിനു തുല്യമായി ഡോളർ കാണുന്ന രീതിയിലായിരുന്നു തട്ടിപ്പ്.
കേരളത്തിലെ വിവിധ ഹോട്ടലുകൾ, ടൂറിസ്റ്റ് ഹോമുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രൊമോഷൻ ക്ലാസുകൾ നടത്തി ആളുകളെ ആകർഷിച്ചാണു നിക്ഷേപം സ്വീകരിച്ചിരുന്നത്. തൃശൂർ സിറ്റി സ്റ്റേഷനുകളിൽ മാത്രം 29 കേസുകൾ ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2021 ൽ എംസിടിയുമായി ബന്ധപ്പെട്ടു കാസർഗോഡ് ജില്ലയിൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ എംസിടി എന്ന പേരുമാറ്റി എഫ്ടിഎൽ (ഫ്യൂച്ചർ ട്രേഡ് ലിങ്ക്) എന്നും ഗ്രൗൺ ബക്സ് എന്നും പേരു മാറ്റിയാണു തട്ടിപ്പ് തുടർന്നിരുന്നത്. കേസ് പിൻവലിക്കാൻവേണ്ടി പണം നിക്ഷേപിച്ചവരുടെ മൊബൈൽ ഫോണിലെ ആപ്ലിക്കേഷനിൽ കാണുന്ന ഡോളറിനു പകരമായി എമർ കോയിൻ നൽകാമെന്നു വിശ്വസിപ്പിച്ചും തട്ടിപ്പ് നടത്തിയിരുന്നു.