വിഴിഞ്ഞം: കപ്പലുകളിൽ നിന്ന് തൊഴിലാളികളെ കരക്കെത്തിക്കാനും തിരികെ കയറ്റാനുമുള്ള പുതിയ ദൗത്യവുമായി എംഡി മലബാർ വിഴിഞ്ഞത്ത് നങ്കൂരമിട്ടു. ഇന്നലെ വൈകുന്നേരം മൂന്നോടെ കൊല്ലത്ത് നിന്ന് തുറമുഖ തീരത്തണഞ്ഞ കൂറ്റൻ ടഗ്ഗായ മലബാറിനെ തുറമുഖ വകുപ്പധികൃതർ എതിരേറ്റു.
കേരളമാരിടൈം ബോർഡിന് സ്വന്തമായുള്ള ഇന്ത്യൻ രജിസ്ട്രാർ ഓഫ് ഷിപ്പിംഗ് (ഐആർഎസ്) ക്ലാസിൽപ്പെട്ട രണ്ട് ടഗ്ഗു കളിൽ ഒന്നാണ് എംഡിമലബാർ.
കൊറോണക്കാലത്തെ ദാരിദ്ര്യത്തിലും കേരള സർക്കാരിന്റെ ഖജനാവിലേക്ക് പണം നൽകാൻ വിഴിഞ്ഞത്ത് എത്തുന്ന ചരക്ക്കപ്പലുകളിലെ തൊഴിലാളികളെ ഏത് കാലാവസ്ഥയിലും സംരക്ഷിക്കുന്നതിനുള്ള ദൗത്യവുമായാണ് മലബാറിന്റെ വരവ്.
നാല് മാസം മുൻപാണ് ക്രൂചേഞ്ചിംഗിനായി വിഴിഞ്ഞത്ത് ആദ്യമായി ചരക്ക് കപ്പൽ അടുത്തത്. തീരത്തിനും ഏഴ് കിലോമീറ്റർ ഉൾക്കടലിൽ നങ്കൂരമിട്ട കൂറ്റൻ ചരക്ക് കപ്പലിൽ നിന്നുള്ള തൊഴിലാളികൾക്കായി മറൈൻ എൻഫോഴ്സ്മെന്റിന്റെ വാടക ബോട്ട് ഉപയോഗിച്ചിരുന്നു.
കടൽ പട്രോളിംഗിനുള്ള ബോട്ട് വിട്ട് നൽകാൻ മറൈൻ എൻഫോഴ്സ്മെന്റ് അധികൃതർ മടികാണിച്ചതോടെ ആ ദൗത്യം കപ്പൽ ഏജൻസികൾ കൊണ്ടുവന്ന സ്വോഹ ഏറ്റെടുത്തു. വിഴിഞ്ഞം ലക്ഷ്യമാക്കി ചരക്കുകപ്പലുകളുടെ വരവ് കൂടിയതോടെ ബന്ധപ്പെട്ട അധികൃതർ ഉണർന്നു.
മാരിടൈം ബോർഡിന്റെ വകയായ ചാലിയാറിനെ വിഴിഞ്ഞത്തേക്ക് പറഞ്ഞയച്ചു. പക്ഷെ കരയിലേക്ക് വരുന്നതും തിരികെ കപ്പലിൽകയറാനുള്ളതുമായ കൂടുതൽ തൊഴിലാളികളെ കയറ്റാനുള്ള ശേഷി ചാലിയാറിന് ഇല്ലെന്നായി.
ആ കുറവ് പരിഹരിക്കാനുള്ള കരുത്തുമായാണ് 2015ൽ നീറ്റിലിറങ്ങിയ മലബാറിന്റെ ഇങ്ങോട്ടുള്ള വരവ്. പത്ത് ടൺ ബൊള്ളാർഡ് പുൾ ശേഷിയുള്ള മലബാർ എത്ര പേരെ വേണമെങ്കിലും വഹിക്കും.പ്രതികൂല കാലാവസ്ഥയെയും തറപറ്റിക്കാൻ കരുത്തുള്ള മലബാർ തന്റെ പിൻഗാമിയെത്തുന്നതു വരെ വിഴിഞ്ഞത്ത്തുടരും.