കളമശേരി: എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ബിരുദാനന്തര ബിരുദ സീറ്റുകൾ നഷ്ടപ്പെട്ടത് അധികൃതരുടെ അനാസ്ഥമൂലമെന്ന് അക്ഷേപം. അധ്യാപകരുടെയും വിദ്യാർഥികളുടെയും അനുപാതം കുറച്ച് വിജ്ഞാപനം ഇറങ്ങിയിട്ടും അതനുസരിച്ച് അപേക്ഷ നൽകാൻ മെഡിക്കൽ കോളജോ ആരോഗ്യ വിദ്യാഭ്യാസ വകുപ്പോ തയാറാകാത്തതാണ് തിരിച്ചടിയായതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള നിലവിലെ 1:1 അനുപാതം കുറച്ച് 1:3 ആക്കി. അങ്ങിനെയെങ്കിൽ ഒരു പ്രഫസർ/അസോസിയേറ്റ് പ്രഫസർക്ക് മൂന്നു പിജി വിദ്യാർഥികളെ വീതം ഓരോ വർഷവും പ്രവേശിപ്പിക്കാം. ഇതനുസരിച്ച് 12 എംഡി സീറ്റിന് വരെ അർഹതയുണ്ടായിരുന്നു.
എറണാകുളം മെഡിക്കൽ കോളജിൽ പ്രഫസറും അസോസിയേറ്റ് പ്രഫസറും ചേർന്ന് നാലു പേരുണ്ട്. 1:3 പ്രകാരം 4×3 = 12 എംഡി സീറ്റുകൾ ലഭിക്കും. കൃത്യ സമയത്ത് ഇതിന് മെഡിക്കൽ കൗൺസിലിന് അപേക്ഷ നൽകാൻ വിട്ടുപോയതാണ് സീറ്റുകൾ നഷ്ടപ്പെടാൻ കാരണമായത്. മേയ് 15 ആയിരുന്നു അപേക്ഷ നൽകേണ്ട അവസാന തീയതി.
അതേസമയം അധ്യാപകരുടെ കുറവാണ് സീറ്റുകൾ നഷ്ടമാകാൻ ഇടയാക്കിയതെന്നും ഇക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് മെഡിക്കൽ കോളജ് അധികൃതരുടെ നിലപാട്.
നിലവിൽ പീഡിയാട്രിക്സ്, പതോളജി, മൈക്രോബയോളജി, സൈക്യാട്രി വിഭാഗങ്ങളിലായി രണ്ട് എംഡി സീറ്റ് വീതമാണുള്ളത്. ഒപ്പമുണ്ടായിരുന്ന ജനറൽ മെഡിസിൻ വിഭാഗത്തിലെ മൂന്ന് എംഡി സീറ്റുകളുടെ അംഗീകാരമാണ് ഈ വർഷം നഷ്ടമായത്.
തസ്തിക ഒഴിഞ്ഞ് കിടക്കുന്നതും അവധിയിൽ പ്രവേശിച്ചതിനേയും തുടർന്നാണ് അധ്യാപകരുടെ എണ്ണം കുറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിൽ 1: 1 പ്രകാരം എട്ട് സീറ്റുകൾ മാത്രമേ ഈ വർഷം നിലനിർത്താനായുള്ളൂ.
എന്നാൽ അനുപാതം മാറിയ സ്ഥിതിക്ക് കൂടുതൽ സീറ്റുകൾ നേടാനാകുമെന്നാണ് ആരോഗ്യരംഗത്തെ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്.
അഞ്ച് വർഷം മുമ്പ് അനധികൃത അവധിയിൽ പോയ ഒരു അസോസിയേറ്റ് പ്രഫസറുടെ ഒഴിവും രണ്ട് അസിസ്റ്റന്റ് പ്രഫസർമാരുടെ തസ്തികകളും നികത്താനായാൽ ഇനിയും കൂടുതൽ സീറ്റുകൾ നേടാനാകും.