നിലന്പൂർ: നഗരസഭയിൽ നാലുമാസം കൊണ്ട് ചായ കുടിക്കാൻ മാത്രം പതിനായിരങ്ങൾ ചിലവാക്കിയതിൽ ക്രമക്കേടും അഴിമതിയും നടന്നതായി പ്രതിപക്ഷം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഇതിനുത്തരവാദിയായ നഗരസഭാഉപാധ്യക്ഷ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ് ആവശ്യപ്പെട്ടു.
നിലന്പൂർ നഗരസഭയിൽ 21.12.2020 മുതൽ പന്തലിടാനും ചായ കുടിക്കാനും 1,70,000 രൂപക്ക് മുകളിൽ ചിലവാക്കിയതായി വിവരാവകാശനിയമപ്രകാരമെടുത്ത കണക്കിൽ കാണിക്കുന്നുണ്ട്.
ഇതിൽ 70,545 രൂപ ചായ കുടിക്കുവാൻ മാത്രമാണ് ചിലവാക്കിയത്.ഇതിൽ 61,265 രൂപ നഗരസഭയുടെ ധനകാര്യസ്ഥിരംസമിതി അധ്യക്ഷ കൂടിയായ വൈസ് ചെയർമാൻ അരുമ ജയകൃഷ്ണന്റെ പേരിലുള്ള പനേഷ ബേക്സ് കഫേ എന്ന സ്ഥാപനത്തിൽ നിന്നാണ്.
നഗരസഭയിലേക്ക് ചായയും ലഘുഭക്ഷണവും കൊണ്ട് വരുവാൻ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചിട്ടില്ല.
കുടുംബശ്രീയുടെ കീഴിൽ നിലന്പൂരിൽ ജനകീയ ഹോട്ടലുണ്ട്. അവരോട് വാങ്ങാമായിരുന്നു.
എന്നാൽ ഇതൊന്നും ചെയ്യാതെയും നടപടിക്രമങ്ങൾ പാലിക്കാതെയും സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്ന് തന്നിഷ്ടപ്രകാരം ചായയും പലഹാരങ്ങളും വാങ്ങി വൈസ് ചെയർമാൻ തന്നെ ചെയർമാനായ ധനകാര്യ സ്ഥിരംസമിതി ബില്ല് പാസാക്കി സ്വന്തമായി എടുത്തത് സ്വജനപക്ഷപാതവും അഴിമതിയുമാണ്.
തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ വൈസ് ചെയർമാൻ സ്ഥാനത്ത് നിന്ന് അവരെ മാറ്റി നിർത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഐഎൻടിയുസി നേതാവ് ടി.എം.എസ്.ആഷിഫ് ആണ് വിവരാവകാശ നിയമപ്രകാരം രേഖകൾ വാങ്ങിയത്. കോവിഡ് കാലത്ത് കൗണ്‍സിൽ യോഗങ്ങൾ ഓണ്‍ലൈനായിട്ടാണ് നടക്കുന്നത.്
നാലുമാസം കൊണ്ട് ചായ കുടിക്കുവാൻ മാത്രമായി വൈസ് ചെയർമാന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്ന് മാത്രം പതിനായിരങ്ങൾ ചിലവാക്കിയതിലെ അഴിമതിയും ക്രമക്കേടുകളും അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഓംബുഡ്സ്മാനും ലോകായുക്തക്കും ഓഡിറ്റ് ഡയറക്ടർക്കും വിജിലൻസ് ഡയറക്ടർക്കും പരാതി നൽകിയതായും പ്രതിപക്ഷ നേതാവ് അറിയിച്ചു.
മുനിസിപ്പൽ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.ഷെറി ജോർജ്, ഐഎൻടിയുസി നേതാക്കളായ ടി.എം.എസ്.ആഷിഫ്, റഹീം ചോലയിൽ, ഷിബു പുത്തൻവീട്ടിൽ, ഷഫീഖ് എന്നിവരും പങ്കെടുത്തു.