ചിറയിൻകീഴ്: എക്സൈസിന്റെയും എക്സൈസ് ഇന്റലിജൻസിന്റെയും സംയുക്ത പരിശോധനയിൽ മാരകമായ ന്യൂജനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയിലായി.
നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശിയായ ആദർശ് (23) ആണ് എക്സൈസിന്റെ പിടിയിലായത്. ‘ഐസ്മെത്ത്’, ‘പാർട്ടി ഡ്രഗ്’ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ‘മെഥിലിൻ ഡയോക്സി മെത്താംഫെറ്റമിൻ’(MDMA) എന്ന മാരക സിന്തറ്റിക് മയക്കുമരുന്ന് വിൽപ്പനയ്ക്കായി ബൈക്കിൽ കടത്തിക്കൊണ്ടു വരുമ്പോഴാണ് ഇയാൾ പിടിയിലായത്.
500 മില്ലിഗ്രാം എംഡിഎംഎ കൈവശം വയ്ക്കുന്നതുപോലും പത്തുവർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് എന്നിരിക്കെ ഇയാളിൽ നിന്നും 10560 മില്ലിഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
ഒരു ഗ്രാമിന് 3000 മുതൽ 5000 രൂപ വരെ വിലയുള്ള എംഡിഎംഎ നിശാ പാർട്ടികളിൽ സമ്പന്നരുടെ ലഹരി ആയതിനാലാണ് ‘പാർട്ടി ഡ്രഗ് ’ എന്ന പേരിൽ അറിയപ്പെടുന്നത്.
ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്നും എംഡിഎംഎ കടത്തിക്കൊണ്ടുവന്നു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തി വരികയായിരുന്ന ഇയാൾ എക്സൈസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു.
ചിറയിൻകീഴ് എക്സൈസ് ഇൻസ്പെക്ടർ അരവിന്ദ്, ഐബി ഇൻസ്പെക്ടർ മോഹൻകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ സജി,സുധീഷ്കൃഷ്ണ, അശോക് കുമാർ,സന്തോഷ് സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺമോഹൻ,സുഭാഷ്,ദിനു, ജാഫർ,സെബാസ്റ്റ്യൻ എക്സൈസ് ഡ്രൈവർമാരായ അഭിലാഷ്,ഹരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.