കൊച്ചി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായ കേസിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇയാൾ നടത്തിയത് 76 ലക്ഷം രൂപയുടെ മയക്കുമരുന്ന് ഇടപാട്.
കേസുമായി ബന്ധപ്പെട്ട് കോട്ടയം വെള്ളൂർ ലളിതസദനം വീട്ടിൽ അഭിലാഷ് (23) നെയാണ് പനങ്ങാട് പോലീസ് ഇൻസ്പെക്ടർ ജിൻസണ് ഡോമിനിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്.
ജില്ലയിലെ എംഡിഎംഎ മൊത്തവില്പനക്കാരനാണ് ഇയാൾ. ബംഗളൂരുവിൽനിന്ന് എംഡിഎംഎ എത്തിച്ച് ജില്ലയിൽ മൊത്തമായും ചില്ലറയായും ഇയാൾ വില്പന നടത്തിവരികയായിരുന്നു.
ഇയാളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽനിന്നാണ് രണ്ടു മാസത്തിനിടയിൽ 76 ലക്ഷം രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ അഞ്ചിന് നെട്ടൂർ ധന്യ ജംഗ്ഷനിൽനിന്ന് എംഡിഎംഎയുമായി പിടിയിലായ മണികണ്ഠൻ, ലൈബിൻ എന്നിവർക്ക് എംഡിഎംഎ എത്തിച്ചു നൽകിയത് അഭിലാഷായിരുന്നു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് അഭിലാഷിന്റെ അറസ്റ്റിലേക്കുള്ള വിവരങ്ങൾ ലഭിച്ചത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങുമെന്ന് പനങ്ങാട് പോലീസ് ഇൻസ്പെക്ടർ ജിൻസണ് ഡോമിനിക്ക് പറഞ്ഞു.