ചാരുംമൂട്: സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പിടിയിൽ.
താമരക്കുളം വേടരപ്ലാവ് ഇമ്മാനുവൽ ഹൗസിൽ അനീഷ് (20) ആണ് നൂറനാട് പോലീസിന്റെ പിടിയിലായത്. ഇയാളുടെ കൈയിൽനിന്നു 3.2 ഗ്രാം എംഡി എംഎ കണ്ടെടുത്തു.
ലഹരി കടത്താനായി ഇയാൾ ഉപയോഗിക്കുന്ന കർണാടക രജിസ്ട്രേഷനിലുള്ള ബൈക്കും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
സ്കൂൾ കുട്ടികൾക്കും എൻജിനിയറിംഗ് വിദ്യാർഥികൾക്കും വിതരണം ചെയ്യുന്നതിനു വേണ്ടിയാണ് ഇയാൾ ഇതു കടത്തിക്കൊണ്ടുവന്നതെന്നും പോലീസ് പറഞ്ഞു.
ബംഗളൂരുവിൽ നിന്നു റോഡ് മാർഗമാണ് എം ഡിഎംഎ ഇയാൾ നാട്ടിലെത്തിക്കുന്നത്.ആലപ്പുഴ ജില്ലയിലെ എംഡി എംഎ വിതരണശൃംഖലയിലെ പ്രധാന കണ്ണികളിൽ ഒരാളാണ് പിടിയിലായ അനീഷെന്നും പോലീസ് വ്യക്തമാക്കി.
പഠിക്കാൻ കൂടുതൽ ഉന്മേഷമുണ്ടാകും, ഉറക്കമില്ലാതെ പഠിക്കാൻ സാധിക്കും എന്നൊക്കെ തെറ്റിദ്ധരിപ്പിച്ചാണ് ലഹരി മരുന്ന് കുട്ടികൾക്ക് വിതരണം ചെയ്യുന്നതെന്നും പോലീസ് പറഞ്ഞു.
പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് ആയ ഡാൻസാഫിന്റെ സഹായത്തോടുകൂടിയാണ് പ്രതി പിടിയിലാകുന്നത്.
സിഐ ശ്രീജിത്ത് പി, എസ് ഐ നിധീഷ്, ജൂണിയർ എസ് ഐ ദീപു പിള്ള, എസ്ഐ രാജീവ്, എഎസ്ഐ പുഷ്പൻ, സി പിഒമാരായ ശ്യാംകുമാർ, കലേഷ്, പ്രവീൺ, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.