കായംകുളം: 3.01 ഗ്രാം എംഡി എംഎ മയക്കുമരുന്നുമായി കുപ്രസിദ്ധ ഗുണ്ടയും പെൺ സുഹൃത്തും അറസ്റ്റിൽ.
നിരവധി കേസുകളിൽ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ പെരിങ്ങാല ദേശത്തിനകം കണ്ടിശേരി തെക്കതിൽ കലം അനി എന്നുവിളിക്കുന്ന മുഹമ്മദ് കുഞ്ഞ് (31), ഇയാളുടെ സുഹൃത്ത് കൃഷ്ണപുരം കാപ്പിൽ മേക്ക് തെക്കടത്ത് കിഴക്കതിൽ ഷംന (30) എന്നിവരാണ് പോലീസ് പിടിയിലായത്.
ഇന്നലെ ഉച്ചയ്ക്ക് 2.45 നാണ് കൃഷ്ണപുരം മേനാത്തേരി ക്ഷേത്രത്തിന് തെക്ക് ഇവർ പിടിയിലായത്. മുഹമ്മദ് കുഞ്ഞ് ധരിച്ചിരുന്ന വസ്ത്രത്തിൽനിന്നും 1.13 ഗ്രാമും ഷംന ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്നും 1.02 ഗ്രാമും ഇരുവരും സഞ്ചരിച്ച കാറിൽനിന്നും 0.86 ഗ്രാമും എംഡിഎംഎ ആണ് കണ്ടെടുത്തത്.
ഇരുവരും മയക്കുമരുന്ന് വിതരണം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിലായിരുന്നു.
ആലപ്പുഴ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ബിനുകുമാറിന്റെയും കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെയും മേൽനോട്ടത്തിൽ ഡാൻസാഫ് ടീമംഗങ്ങളായ എസ്ഐ സന്തോഷ്, എസ്ഐ ഇല്യാസ്, പോലീസ് ഉദ്യോഗസ്ഥരായ ഷാഫി, ഹരികൃഷ്ണൻ, അനസ്, രതീഷ്, റസീന എന്നിവരും കായംകുളം പോലീസ് സ്റ്റേഷൻ എസ്ഐ ഉദയകുമാർ വി, എഎസ്ഐ ഉദയകുമാർ.ആർ, പോലീസുകാരായ അരുൺ, റെജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് മേൽ നടപടികൾ സ്വീകരിച്ചത്.