പത്തനംതിട്ട:പന്തളത്തെ ലോഡ്ജില്‍ നിന്ന് 154 ഗ്രാം എംഡിഎംഎ യുമായി യുവതി അടക്കം അഞ്ചംഗസംഘത്തെ പിടികൂടിയ കേസിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചതായി ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് പന്തളം പോലീസ് സ്റ്റേഷനില്‍ നടത്തിയ സന്ദര്‍ശനതിനിടെയാണ് ജില്ലാ പോലീസ് മേധാവി ഇക്കാര്യം അറിയിച്ചത്.
പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ ഡാന്‍സാഫ് സംഘവും പന്തളം പോലീസും ചേര്‍ന്ന് നടത്തിയ ഓപ്പറേഷന് തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണ്.
പ്രതികള്‍ തങ്ങിയ ലോഡ്ജ് മുറിയില്‍ നിന്ന് 25000 രൂപയും രണ്ട് മിനി വെയിങ് മെഷീനുകളുമടക്കം കണ്ടെടുത്തിരുന്നു. കൂടാതെ ഇവര്‍ ഉപയോഗിച്ചുവന്ന രണ്ട് കാറുകളും ഒരു ബൈക്കും ഒമ്പത് മൊബൈല്‍ ഫോണുകളും പെന്‍ ഡ്രൈവുകളും ഇന്നലെ പോലീസ് സംഘം പിടിച്ചെടുത്തിരുന്നു.
ലോഡ്ജില്‍ തങ്ങിയതിനു പിന്നില്‍ ഗൂഢലക്ഷ്യം
പന്തളം മണികണ്ഠന് ആല്‍ത്തറയ്ക്ക് സമീപമുള്ള ലോഡ്ജില്‍ നിന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് യുവതി അടക്കമുള്ള അഞ്ചംഗ സംഘത്തെ 154 ഗ്രാം എംഡിഎംഎയുമായി കസ്റ്റഡിയിലെടുത്തത്.
പിടികൂടിയ വസ്തുക്കള്‍ക്ക് 15 ലക്ഷം രൂപ വിലവരുമെന്ന് കണക്കാക്കപ്പെടുന്നു. ജില്ലാ പോലിസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജനു ലഭിച്ച രഹസ്യസന്ദേശത്തെ തുടര്‍ന്ന്, ഡാന്‍സാഫ് സംഘം ഇവരുടെ നീക്കങ്ങള്‍ മൂന്ന് മാസത്തോളമായി നിരീക്ഷിച്ചുവരികയായിരുന്നു.
ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിയും ഡാന്‍സാഫ് ജില്ലാ നോഡല്‍ ഓഫീസറുമായ കെ. എ. വിദ്യാധരന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘത്തിലെ അംഗങ്ങളായ എസ്ഐ അജി സാമൂവല്‍, എഎസ്ഐ അജികുമാര്‍, സിപിഒമാരായ മിഥുന് ജോസ്, ശ്രീരാജ്, അഖില്‍, ബിനു, സുജിത് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
അടൂര്‍ പറക്കോട് ഗോകുലം വീട്ടില്‍ ആര്. രാഹുല്‍ (29), കൊല്ലം കുന്നിക്കോട് അസ്മിന മനസില്‍ ഷാഹിന (23), അടൂര്‍ പള്ളിക്കല്‍ പെരിങ്ങനാട് ജലജവിലാസം വീട്ടില്‍ പി. ആര്യന് പി (21), പന്തളം കുടശനാട് പ്രസന്നഭവനം വീട്ടില്‍ വിധു കൃഷ്ണന് (20), കൊടുമണ്‍ കൊച്ചുതുണ്ടില്‍ സജിന്‍ (20) എന്നിവരാണ് റിമാന്‍ഡിലായത്.
മോഡലിംഗെന്നു പുറത്തു പ്രചാരണം,തൊഴില്‍ ലഹരി വില്പന
അടൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുകൊണ്ട്, പത്തനംതിട്ട കൊല്ലം ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍, ചെറിയ അളവുകളില്‍ വിപണനം ചെയ്തുവരുന്ന സംഘത്തില്‍ പെട്ടവരാണ് പ്രതികളെന്ന് ചോദ്യം ചെയ്യലില്‍ വെളിവായിട്ടുണ്ട്.
ഇവരെല്ലാവരും ലഹരിമരുന്നുകളുടെ വാഹകരായി പ്രവര്‍ത്തിക്കുകയാണ്.ബംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്ന് പ്രതികള്‍ സമ്മതിച്ചു.
10 ഗ്രാം വരെ കൈവശം സൂക്ഷിച്ചാല്‍ ജാമ്യം കിട്ടുമെന്ന് അറിഞ്ഞുകൊണ്ട്, ഒരുമിച്ച് വലിയ അളവ് കേന്ദ്രത്തിലെത്തിച്ചശേഷം ചെറിയ അളവില്‍ വിതരണം ചെയ്യുകയാണ് പതിവ്.
കേസില്‍ പിടിയിലായ യുവതി ഷാഹിനായെ ഒപ്പം ചേര്‍ത്തത് കച്ചവടം മെച്ചപ്പെടുത്താനാണ്, മോഡലിംഗിനു പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയാണ് സംഘത്തിനൊപ്പം ഇവര്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്ത് അന്വേഷണം തുടരുന്നതിന് പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചതായി എസ്പി പറഞ്ഞു.