അടൂര്‍: പോലീസ് പട്രോളിംഗിനിടെ എത്തിയ കാറില്‍ നിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി. സംഭവത്തില്‍ മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. യുവാക്കള്‍ ഓടിച്ച കാറിടിച്ച് ഒരു പോലീസുകാരന് പരിക്കുമേറ്റു.
കാറില്‍ വന്ന പറക്കോട് സ്വദേശി നവീന്‍ (25), പരുത്തിപ്പാറ സ്വദേശികളായ മിഖാ രാജന് (25), അമീര്‍ (20) എന്നിവരെയാണ് അടൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരില്‍ നിന്നും 0.17 മില്ലിഗ്രാം എംഡിഎംഎംയും നാലു ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.
കഴിഞ്ഞദിവസം അടൂര്‍ പാര്‍ഥസാരഥി ജംഗ്ഷനു സമീപം ഉപറോഡിലാണ് പോലീസ് പട്രോളിംഗ് നടത്തിയത്. ഇതിനിടയിലാണ് യുവാക്കള്‍ കാറില്‍ എത്തിയത്. പോലീസിനെ കണ്ട് കാര്‍ പിന്നോട്ട് എടുത്തു. ഈ സമയം സിവില്‍ പോലീസ് ഓഫീസര്‍ അഭിജിത്ത് കാറിന് പിന്നാലെ ഓടിയെത്തി.
പക്ഷെ കാര്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ജീപ്പ് കാറിന് കുറുകെയിട്ട് യുവാക്കളെ പോലീസ് പിടികൂടുകയായിരുന്നു.
കാര്‍ മുന്നോട്ട് എടുക്കുന്നതിനിടയില്‍ സിവില്‍ പോലീസ് ഓഫീസര്‍ അഭിജിത്തിന് പരിക്കേറ്റു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അടൂര്‍ സിഐ ശ്യാം മുരളിയുടെ നേതൃത്വത്തില്‍ അടൂര്‍ കേന്ദ്രീകരിച്ച് പരിശോധന നടന്നു വരികയാണ്.
ഇതിന്റെ ഭാഗമായിട്ടാണ് പോലിസ് പരിശോധന നടന്നത്. അടൂര്‍ എസ്ഐമാരായ നകുല രാജന്,അനൂപ്, സിപിഒ സനല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.