പത്തനംതിട്ട: പന്തളം എംഡിഎംഎ കേസിൽ പ്രതികൾ നടത്തിയത് കോടികളുടെ ഇടപാടുകൾ.റമീസിനെ പിടികൂടുമ്പോൾ ഇയാളുടെ സ്വിഫ്റ്റ് കാറിൽനിന്നു മൊബൈൽ ഫോൺ, ബംഗളൂരു വൃന്ദാവൻ എൻജിനിയറിംഗ് കോളജിന്റെ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, ബാങ്ക് എടിഎം കാർഡ്, രണ്ട് വെയിംഗ് മെഷീൻ, ഫിൽറ്റർ പേപ്പർ അടങ്ങിയ പൊതി, ലഹരിവസ്തുക്കൾ പൊടിക്കാൻ ഉപയോഗിക്കുന്നതെന്നു കണ്ടെത്തിയ ക്രഷർ, ലഹരിവസ്തു വലിക്കുന്നതിനുള്ള ഷൂട്ടർ എന്ന ഉപകരണം തുടങ്ങിയവ പിടിച്ചെടുത്തു.
ഇയാളുടെ മൊബൈൽ ഫോൺ വിളികൾ ജില്ലാ സൈബർ പോലീസിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ മറ്റു പ്രതികളുമായി നിരന്തരം ആശയവിനിമിയം നടത്തിയതായി കണ്ടെത്തി.
പഠനത്തിനിടയിൽത്തന്നെ കച്ചവടക്കാരുമായി ബന്ധപ്പെടുകയും ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്നു.വിപണനം നടത്താൻ വാഹകരായി പ്രവർത്തിച്ചെന്നും അന്വേഷണ സംഘം പറയുന്നു.
മയക്കുമരുന്നു കച്ചവടത്തിനു യുവാക്കൾ വൻ തുക പ്രതിഫലവും കൈപ്പറ്റി. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകൾ പോലീസ് പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു.
കോടികൾ ഒഴുകി
കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തേനാമാക്കൾ റമീസ് മനോജ് (23), തൃശൂർ ചാലക്കൽ തോളൂർ പറപ്പൂർ മുള്ളൂർ കുണ്ടുകാട്ടിൽ യുവരാജ് (22) എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലെ ഇടപാടുകളുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്.
റമീസിന്റെ കാഞ്ഞിരപ്പള്ളി ഫെഡറൽ ബാങ്ക് ശാഖയിലെ അക്കൗണ്ടിൽ ആറു മാസത്തിനിടെ നടന്നത് 37,21,674 രൂപയുടെ ഇടപാടാണ്!
ഇതേ കാലയളവിൽ യുവരാജിന്റെ തൃശൂർ ചിറ്റിലപ്പള്ളി ഫെഡറൽ ബാങ്ക് അക്കൗണ്ടിലെ ഇടപാട് 60,68,772 ലക്ഷവും തൃശൂർ യൂണിയൻ ബാങ്കിന്റെ അമല ശാഖയിലെ അക്കൗണ്ടിലേത് 17,52,297 രൂപയുടേതുമാണ്.
ഇതോടെ ഇരുവർക്കും ലഹരിമരുന്ന് കച്ചവടത്തിൽ പങ്കുണ്ടെന്നു വ്യക്തമായി. ബംഗളൂരുവിൽ താമസിച്ചുകൊണ്ടു വിദ്യാർഥികൾക്കും മറ്റും വിപണനം നടത്തിവന്ന ഇരുവരും ലഹരിമരുന്ന് കച്ചവട സംഘത്തിലെ കണ്ണികളാണെന്നും വെളിപ്പെട്ടു.
കഴിഞ്ഞ ആറു മാസത്തിനിടെയുള്ള നിക്ഷേപമാണ് ഇരുവരുടെയും അക്കൗണ്ടുകളിൽ കണ്ടെത്തിയത്. യുവരാജ് ബംഗളൂരുവിൽ ബിബിഎ പഠനം കഴിഞ്ഞ്, അവിടവുമായി ബന്ധപ്പെട്ട് കച്ചവടത്തിൽ ഏർപ്പെട്ടുവരികയാണെന്നും ചോദ്യംചെയ്യലിൽ തെളിഞ്ഞു.
ആഡംബര ജീവിതം
പ്രതികൾ ബംഗളുരു, ഗോവ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ ഇടയ്ക്കിടെ വിനോദസഞ്ചാരം നടത്തുകയും ആഡംബര ജീവിതം നയിക്കുകയുമായിരുന്നു.
മുന്തിയ ഇനം വാഹനങ്ങൾ സ്വന്തമാക്കിയതായും കണ്ടെത്തി. ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ അടൂർ ഡിവൈഎസ്പി ആർ. ബിനു എന്നിവരുടെ നിർദേശപ്രകാരം, പന്തളം പോലീസ് ഇൻസ്പെക്ടർ ശ്രീകുമാർ, എസ്ഐമാരായ ശ്രീജിത്ത്, നജീബ്, ഡാൻസാഫ് എസ് ഐ അജി സാമൂവൽ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ആറാം പ്രതി സിദ്ധിക്കിനെ ചോദ്യം ചെയ്തതിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, എംഡിഎംഎ കൈമാറ്റത്തിൽ ഉൾപ്പെട്ട മറ്റു ചില പ്രതികളെ തേടിയുള്ള യാത്രയിലാണ് ഇപ്പോൾ അന്വേഷണസംഘം.
റമീസിനെയും യുവരാജിനെയും പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുന്നതിനു പ്രൊഡക്ഷൻ വാറണ്ടിനായി കോടതിയിൽ അപേക്ഷ സമർപ്പിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
27 മുതൽ 30 വരെയുള്ള കാലയളവിലേക്കാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
കഫെ ഷോപ്പിന്റെ മറവിൽലഹരി ഉപയോഗം
ബംഗളൂരുവിൽ കഫെ ഷോപ്പിന്റെ മറവിൽ അവിടേക്കു വിദ്യാർഥികളെ, പ്രത്യേകിച്ചു മലയാളികളെ എത്തിച്ച്, ലഹരിമരുന്നു നൽകി അടിമകളാക്കുകയും തുടർന്ന് വാഹകരാക്കുകയും ചെയ്യുകയാണ് ലഹരിക്കടത്തുസംഘം.
കുട്ടികളെ ഉപയോഗിച്ച്, അവരുടെ സൗഹൃദങ്ങളിലൂടെ കൂടുതൽ കണ്ണികളെ സംഘത്തിൽ ചേർത്തു കച്ചവടം വ്യാപിപ്പിക്കുന്ന രീതിയാണ് നടപ്പാക്കുന്നത്.
പ്രതികളിൽനിന്നു കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്നതിന് ഉൾപ്പെടെയുള്ള സാധനങ്ങൾ പോലീസ് കണ്ടെത്തി. ഇതിൽ പലതും മുമ്പ് കണ്ടിട്ടുപോലുമില്ലാത്തതാണെന്നതു പോലീസ് സംഘത്തെയും അദ്ഭുതപ്പെടുത്തി.
വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ ഇരകളാക്കുന്ന സാഹചര്യം തടയാൻ ശക്തമായ നടപടി തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.